2014, നവംബർ 30, ഞായറാഴ്‌ച

കൂകി ഉണർത്തുന്നവർ



പ്രഭാത സവാരി  ---- കൂകി ഉണർത്തുന്നവർ
-----------------------------------
നടക്കാനിറങ്ങിയത് കോഴിയുടെ മത്സരിച്ചുള്ള കൂവൽ കേട്ട് കൊണ്ടാണ്. ഇവിടെ അടുത്തടുത്തുള്ള വീടുകളിലെല്ലാം പൂവൻ കോഴിയുണ്ട്. രാവിലെ നല്ല മേളമാണ്. മത്സരിച്ചുള്ള കൂവലാണ്. തന്റെ ശക്തിയും അധികാരവും സ്ഥാപിക്കുന്നത് കൂവലിൽ കൂടിയാണെന്ന് തോന്നുന്നു. താൻ കൂവിയിട്ടാണ് സൂര്യൻ ഉദിക്കുന്നത് എന്ന ഭാവം ആണ്.

വീടുകളിലെല്ലാം മുട്ടയ്ക്ക് വേണ്ടിയാണ് സാധാരണ കോഴിയെ വളർത്തുന്നത്. നാലഞ്ചു പിടകൊഴികൾക്ക് ഒരു പൂവൻ കോഴിയെ കാണൂ. ഈ പൂവന് എന്തെല്ലാം ഉത്തരവാദിത്തങ്ങൾ ആണ്. പിടക്കൊഴികളുടെയെല്ലാം രക്ഷാധികാരി. അവര്ക്കെല്ലാം ഭക്ഷണം കിട്ടുന്നുണ്ടോ എന്നന്വേഷിക്കണം. മുട്ടയ്ക്ക് കാവൽ നില്ക്കണം. പിന്നെ മാളോരേ എല്ലാം വിളിച്ചുണർത്തണം.

തമ്മിലുള്ള ആശയവിനിമയത്തിന് പല തരം  ശബ്ദങ്ങൾ ഉണ്ട്. ശത്രു വിന്റെ സാന്നിധ്യം, സ്നേഹ പ്രകടനം, കുഞ്ഞുങ്ങളെ കൂടെ നിർത്താൻ വേണ്ടി ഉണ്ടാക്കുന്ന ശബ്ദങ്ങൾ, ആഹാരം കണ്ടാൽ,  മുട്ട ഇട്ടത്തിന്റെ വിളംബരം, എന്ന് വേണ്ട ആ ജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും communicate ചെയ്യാൻ കോഴിക്ക് ഒരു സ്കൂളിലും പഠിക്കേണ്ട. മുട്ട വിരിച്ചു കുഞ്ഞുങ്ങളെ പരിപാലിച്ചു വളർത്തുന്നത് ആരും പഠിപ്പിച്ചിട്ടല്ല.

മനുഷ്യന്റെ ഭക്ഷണത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട ജീവി.  പ്രത്യുല്പാദനത്തിനായി ഇടുന്ന മുട്ടകളെല്ലാം മനുഷ്യന്റെ അവകാശം. ഒമ്ലെറ്റ്, ബുൾസ് ഐ, തുടങ്ങിയ പല രൂപങ്ങളിൽ മനുഷ്യന്റെ പോഷകാഹാരമായി മാറും. മുട്ട ഇടുന്ന കോഴിക്ക് അമ്മയാകാനുള്ള അവകാശം പോലും ഇല്ല. ആ ജോലി ചെയ്യാൻ incubator. പെരുന്നാളിനും, കല്യാണത്തിനും, വിശിഷ്ടാതിഥികളെ സൽകരിക്കാനും, വെള്ളം അടിക്കുമ്പോൾ ടച്ചിംഗ് ആകാനും ഇവര്ക്ക് ജീവ ത്യാഗം ചെയ്യേണ്ടി വരും.

broiler കോഴികൾ, ഇറച്ചിക്ക് വേണ്ടി മാത്രം പ്രത്യകം ബ്രീഡു  ചെയ്തു പ്രത്യേക ആഹാരം  കൊടുത്തു വളര്ത്തുന്നതാണ്. പൂട ഇല്ലാത്ത കോഴിയെ സൃഷ്ടിച്ചിട്ടുണ്ടെന്നു കേട്ടു. മനുഷ്യന്റെ സൗകര്യത്തിനും സുഖത്തിനും ആർത്തിക്കും വേണ്ടി  മറ്റു ജീവജാലങ്ങളുടെ പ്രാഥമികമായ ജീവിത വ്യവസ്ഥ തന്നെ ഇല്ലാതാക്കി ജനിതക മാറ്റങ്ങൾ വരുത്തുകയാണ്. . പകര്ച്ച രോഗത്തിന്റെ പേരിൽ ജീവനോടെ ചുട്ടു കൊല്ലുന്നതിൽ ഒരു തെറ്റും കാണാത്തവർ.  ന്യായങ്ങൾ - മനുഷ്യന്റെ സുരക്ഷ.

ഓർക്കുക ഇവരും ഭൂമിയുടെ അവകാശികൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ