2014, നവംബർ 16, ഞായറാഴ്‌ച

ഭൂമിയുടെ അവകാശികൾ



പ്രഭാത സവാരി ---- ഭൂമിയുടെ അവകാശികൾ
----------------------
രാവിലെ നടക്കാൻ ഇറങ്ങുന്നതു കൊണ്ട് പല ഗുണങ്ങൾ ഉണ്ട്.  വ്യായാമം കിട്ടുന്നു.  വേറെ വ്യായാമങ്ങൾ ഒന്നും ഇല്ലല്ലോ. ഭേദപ്പെട്ട ശുദ്ധവായു ശ്വസിക്കാം. പക്ഷികളുടെ  സംഗീതം ആസ്വദിക്കാം. പിന്നെ നമുക്ക് കനിഞ്ഞു കിട്ടിയ പുതിയ  ദിവസത്തിന്റെ ഉദയം അനുഭവിക്കാം.
ഞാൻ നടക്കാൻ പോകുന്ന റോഡരികിൽ ഒരു കാവ് ഉണ്ട്. ഒരു ക്ഷേത്രത്തിനടുത്താണ്. അന്ന് അവിടെ എന്തോ വിശേഷം ഉണ്ടെന്നു തോന്നി. രാവിലെ പാട്ട് വച്ചിട്ടുണ്ട്. അപ്പോഴാണ്‌ ആ കാവിലെ വൃക്ഷങ്ങളെയും മറ്റും ശ്രദ്ധിച്ചത്. വളരെ ഉയരത്തിൽ വളർന്നു  പന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങൾ. ആ മരങ്ങളിൽ ചുറ്റി പടർന്നു കിടക്കുന്ന വള്ളിച്ചെടികൾ. അതിനെ വെറും വള്ളിച്ചെടികൾ എന്ന് പറഞ്ഞാൽ  പോര. അതി സമർത്ഥരാണു. ചെറിയ വള്ളിയായി മരത്തിലേക്ക് ചുറ്റിക്കയറി. അവസാനം തായ്മരത്തിനെ തന്നെ വിഴുങ്ങാൻ തക്ക സാമർത്ഥ്യം ഇവയ്ക്കുണ്ട്.  നട്ടുച്ചക്കു പോലും കാവിനുള്ളിൽ  ഇരുട്ടാണ്‌. സൂര്യപ്രകാശം താഴെ വീഴാത്ത വണ്ണം മരങ്ങൾ ഇടതൂർന്നു പന്തലിച്ചു നില്ക്കുകയാണ്.
ഈ പ്രദേശം പണ്ട് പണ്ട്  വനമായിരുന്നു. മനുഷ്യർ കാട് വെട്ടി തെളിച്ചു  വാസയോഗ്യമാക്കിയപ്പോൾ ഓരോ ഗ്രാമങ്ങളിലും ഓരോ കുട്ടി വനം നിലനിർത്തി യതാണ് എന്ന് വേണം അനുമാനിക്കാൻ. അങ്ങിനെയായിരിക്കണം ഈ കാവുകൾ ഇന്ന് നിലനില്കുന്നത് എന്ന് തോന്നുന്നു. ഇതാരും വെട്ടി നശിപ്പിക്കാതിരിക്കാൻ ഈ കാവുകളെ ക്ഷേത്രങ്ങളും ദൈവങ്ങളും സർപ്പങ്ങളുമായി ബന്ധപ്പെടുത്തി.  നമ്മുടെ പൂർവികർ സഹജീവികളെ സംരക്ഷിക്കുകയും അവർക്ക് ജീവിക്കാൻ വേണ്ട ആവാസ സൌകര്യങ്ങൾ ഒരുക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. സർപ്പ ക്ഷേത്രങ്ങളും ചിലന്തി ക്ഷേത്രങ്ങളും മറ്റും ഉദാഹരണം. എന്തായാലും ഓരോ miniature വനം തന്നെയാണ് കാവുകൾ.  സർപ്പങ്ങൾ, സൂഷ്മ ജീവികൾ ഉൾപ്പെടെ പല തരം ജീവജാലങ്ങൾകും ഒരു ആവാസ സ്ഥലം. പ്രാണ വായു ഉല്പാദിപ്പിക്കുന്ന ഫാക്ടറി.
ഇതിനുള്ളിൽ പല മരങ്ങളുടെയും ചെടികളുടെയും വിത്തുകൾ മണ്ണിൽ  വീഴുന്നുണ്ടാകാം. അവ മുളക്കുന്നുണ്ടാകാം. പക്ഷെ സൂര്യപ്രകാശവും വളവും നിഷേധിക്കപ്പെട്ടു അവയെങ്ങിനെ വളരും. നേരത്തെ വളർന്ന വന്മരങ്ങൾ പുതിയ ചെടികൾക്ക്  സൂര്യ പ്രകാശവും വളവും തടഞ്ഞിരിക്കയാണ്. നേരത്തെ ജനിച്ചത് കൊണ്ടോ, വളരാൻ വേണ്ട സാഹചര്യങ്ങൾ ഒത്തു വന്നത് കൊണ്ടോ, പൈതൃകം കൊണ്ടോ ഈ വൻമരങ്ങൾക്കു വളരാനും ആകാശവും ഭൂമിയും സ്വന്തമാക്കാൻ കഴിഞ്ഞു.
ഇത് തന്നെയല്ലേ നമ്മുടെ ഇടയിlലും നടക്കുന്നത്. നേരത്തെ തന്നെ ചില മേഖലയിൽ ആധിപത്യം ഉറപ്പിച്ചു  വളർന്നു പന്തലിച്ചു നിൽക്കുകയാണ്. വ്യവസായം, രാഷ്ട്രീയം, അധികാരം, കല, സാഹിത്യം എന്ന് വേണ്ട എല്ലാ വിഭാഗത്തിലും നേരത്തെ ആധിപത്യം ഉറപ്പിച്ചവർ, പിന്നാലെ വരുന്നവര്ക്ക് വളരാനും മുന്നേറാനും അവസരങ്ങൾ അറിഞ്ഞോ അറിയാതെയോ നിഷേധിക്കുന്നു.
അത് പോട്ടെ, …. നമ്മുടെ വരും തലമുറകൾക്ക് വേണ്ടി, പ്രാണ വായു ഉല്പാദിപ്പിക്കുന്ന ഫാക്ടറിയായ ഈ കാവുകളെ നാം സംരക്ഷിക്കണം.
 ഭൂമിയുടെ എല്ലാ അവകാശികൾക്കും നന്മ വരട്ടെ.
लोकाः समस्ताः सुखिनो  भवन्तु I
ॐ शान्तिः शान्तिः शान्तिः II

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ