2014, നവംബർ 30, ഞായറാഴ്‌ച

കൂകി ഉണർത്തുന്നവർ



പ്രഭാത സവാരി  ---- കൂകി ഉണർത്തുന്നവർ
-----------------------------------
നടക്കാനിറങ്ങിയത് കോഴിയുടെ മത്സരിച്ചുള്ള കൂവൽ കേട്ട് കൊണ്ടാണ്. ഇവിടെ അടുത്തടുത്തുള്ള വീടുകളിലെല്ലാം പൂവൻ കോഴിയുണ്ട്. രാവിലെ നല്ല മേളമാണ്. മത്സരിച്ചുള്ള കൂവലാണ്. തന്റെ ശക്തിയും അധികാരവും സ്ഥാപിക്കുന്നത് കൂവലിൽ കൂടിയാണെന്ന് തോന്നുന്നു. താൻ കൂവിയിട്ടാണ് സൂര്യൻ ഉദിക്കുന്നത് എന്ന ഭാവം ആണ്.

വീടുകളിലെല്ലാം മുട്ടയ്ക്ക് വേണ്ടിയാണ് സാധാരണ കോഴിയെ വളർത്തുന്നത്. നാലഞ്ചു പിടകൊഴികൾക്ക് ഒരു പൂവൻ കോഴിയെ കാണൂ. ഈ പൂവന് എന്തെല്ലാം ഉത്തരവാദിത്തങ്ങൾ ആണ്. പിടക്കൊഴികളുടെയെല്ലാം രക്ഷാധികാരി. അവര്ക്കെല്ലാം ഭക്ഷണം കിട്ടുന്നുണ്ടോ എന്നന്വേഷിക്കണം. മുട്ടയ്ക്ക് കാവൽ നില്ക്കണം. പിന്നെ മാളോരേ എല്ലാം വിളിച്ചുണർത്തണം.

തമ്മിലുള്ള ആശയവിനിമയത്തിന് പല തരം  ശബ്ദങ്ങൾ ഉണ്ട്. ശത്രു വിന്റെ സാന്നിധ്യം, സ്നേഹ പ്രകടനം, കുഞ്ഞുങ്ങളെ കൂടെ നിർത്താൻ വേണ്ടി ഉണ്ടാക്കുന്ന ശബ്ദങ്ങൾ, ആഹാരം കണ്ടാൽ,  മുട്ട ഇട്ടത്തിന്റെ വിളംബരം, എന്ന് വേണ്ട ആ ജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും communicate ചെയ്യാൻ കോഴിക്ക് ഒരു സ്കൂളിലും പഠിക്കേണ്ട. മുട്ട വിരിച്ചു കുഞ്ഞുങ്ങളെ പരിപാലിച്ചു വളർത്തുന്നത് ആരും പഠിപ്പിച്ചിട്ടല്ല.

മനുഷ്യന്റെ ഭക്ഷണത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട ജീവി.  പ്രത്യുല്പാദനത്തിനായി ഇടുന്ന മുട്ടകളെല്ലാം മനുഷ്യന്റെ അവകാശം. ഒമ്ലെറ്റ്, ബുൾസ് ഐ, തുടങ്ങിയ പല രൂപങ്ങളിൽ മനുഷ്യന്റെ പോഷകാഹാരമായി മാറും. മുട്ട ഇടുന്ന കോഴിക്ക് അമ്മയാകാനുള്ള അവകാശം പോലും ഇല്ല. ആ ജോലി ചെയ്യാൻ incubator. പെരുന്നാളിനും, കല്യാണത്തിനും, വിശിഷ്ടാതിഥികളെ സൽകരിക്കാനും, വെള്ളം അടിക്കുമ്പോൾ ടച്ചിംഗ് ആകാനും ഇവര്ക്ക് ജീവ ത്യാഗം ചെയ്യേണ്ടി വരും.

broiler കോഴികൾ, ഇറച്ചിക്ക് വേണ്ടി മാത്രം പ്രത്യകം ബ്രീഡു  ചെയ്തു പ്രത്യേക ആഹാരം  കൊടുത്തു വളര്ത്തുന്നതാണ്. പൂട ഇല്ലാത്ത കോഴിയെ സൃഷ്ടിച്ചിട്ടുണ്ടെന്നു കേട്ടു. മനുഷ്യന്റെ സൗകര്യത്തിനും സുഖത്തിനും ആർത്തിക്കും വേണ്ടി  മറ്റു ജീവജാലങ്ങളുടെ പ്രാഥമികമായ ജീവിത വ്യവസ്ഥ തന്നെ ഇല്ലാതാക്കി ജനിതക മാറ്റങ്ങൾ വരുത്തുകയാണ്. . പകര്ച്ച രോഗത്തിന്റെ പേരിൽ ജീവനോടെ ചുട്ടു കൊല്ലുന്നതിൽ ഒരു തെറ്റും കാണാത്തവർ.  ന്യായങ്ങൾ - മനുഷ്യന്റെ സുരക്ഷ.

ഓർക്കുക ഇവരും ഭൂമിയുടെ അവകാശികൾ

മേൽകൂര



പ്രഭാത സവാരി ---- മേൽകൂര
---------------------------------------
നടക്കാൻ ഇറങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. റോഡിലെല്ലാം ചെളി വെള്ളം. രാത്രിയിൽ മഴയുണ്ടായിരുന്നു. വൃശ്ചിക മാസം ആയിട്ടും മഴ തീർത്ത് മാറിയിട്ടില്ല. ഇപ്പോൾ രാവിലെ മഞ്ഞു പെയ്യേണ്ട സമയമാണ്. പണ്ട് തമ്മിൽ കാണാൻ പറ്റാത്തതു പോലെ മഞ്ഞു ആയിരുന്നു. രാവിലെ കരിയില കൂട്ടിയിട്ടു തീ കത്തിച്ചു അതിന്റെ ചുറ്റും കൂടിയിരുന്നു മുതിർന്നവർ നാട്ടു കാര്യങ്ങൾ പറയുമായിരുന്നു. കുട്ടികൾ അതിനു ചുറ്റും കളികളും ബഹളവുമായിരിക്കും. കരിയില കത്തിച്ചു കിട്ടുന്ന ചാരം കൃഷി ആവശ്യത്തിനു വേണ്ടിയാണ്. അന്നെല്ലാം വീട്ടുകാരും അയൽക്കാരും എല്ലാം ഒത്തു കൂടാനും പരസ്പരം അറിയാനും എല്ലാം ഇതുപോലെ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. പരമ്പരാഗത കാർഷിക സംസ്കാരത്തിൻ നിന്നുള്ള വ്യതിചലനവും, TV ചാനലുകളുമാണ്‌ ഈ അവസരങ്ങളെല്ലാം ഇല്ലതാക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.
 
പോകുന്ന വഴിയിൽ ഒരു പഴയ വീടുണ്ട്. കാട് കയറി കിടക്കുകയാണ്. ആൾ താമസമില്ല. ഓടു മേഞ്ഞ വലിയ വീടാണ്. ഇപ്പോൾ ഓടു മേഞ്ഞ പുരകൾ കാണാനേ ഇല്ല. മിക്കവാറും എല്ലാം concrete കെട്ടിടങ്ങളാണ്. ഞാൻ എന്റെ ചെറുപ്പത്തിലെ വീടുകളെ കുറിച്ച് ഓർത്തു.

അന്ന് ഓല മേഞ്ഞ വീടുകളായിരുന്നു ഇവിടെ മിക്കവാറും എല്ലാം തന്നെ. കർഷകരായിരുന്ന സാധാരണക്കാർക്ക് വീട് എന്നാൽ അന്തി ഉറങ്ങാൻ ഒരു കൂര. ഭിത്തി മണ്കട്ട കൊണ്ടോ വെട്ടുകല്ല് കൊണ്ടോ ആയിരിക്കും. തറ മണ്ണിട്ട്‌ നിലംതല്ലി വച്ചു അടിച്ചു ഉറപ്പിച്ചിട്ടു ചാണകം മെഴുകും. മേയാൻ ഓലയാണ്. ആണ്ടു തോറും ഓല മാറ്റണം. അന്നൊക്കെ തെങ്ങ് ധാരാളം. ഓല കീറികെട്ടി തോട്ടിൽ അഴുക്കാൻ ഇടും. കുറച്ചു നാൾ കഴിഞ്ഞു എടുത്തു അഴിക്കുമ്പോൾ ചിലപ്പോൾ അതിനുള്ളിൽ നിന്നും മീനിനെ കിട്ടും. ഓല ഉണങ്ങും മുൻപേ മെടയും. എന്നിട്ട് ഉണക്കി അടുക്കി കെട്ടി വയ്ക്കും. ഇതെല്ലാം ആണ്ടു മുഴുവൻ ഉള്ള പ്രവർതികളിൽ പെടും. മഴക്കാലം തുടങ്ങും മുൻപ് ഓരോ വീടിന്റെയും ഓലകെട്ടാൻ തീയതി തീരുമാനിക്കും. അയൽക്കാരും വീട്ടുകാരും എല്ലാം ചേർന്നാണ് ഓലകെട്ടു. അതിനു കൂലി ഒന്നും കൊടുക്കണ്ട. ഭക്ഷണം മാത്രം. അന്യോന്യം ഉള്ള സഹകരണം. ഒരു ഉത്സവം പോലെ ഉള്ള പ്രതീതിയാണ്. കുറച്ചു പേർ പുരപുരത്തിരുന്നു ഓല കെട്ടും. താഴെ നിൽകുന്നവർ എറിഞ്ഞു കൊടുക്കും. പച്ച ഓലക്കാൽ കൊണ്ടാണ് കെട്ടുന്നത് ഞങ്ങൾ കുട്ടികൾക്ക് അത് വലിയ ആഘോഷമാണ്. സ്കൂളിൽ പോകണ്ടാ. ആരും നിയന്ത്രിക്കാൻ വരില്ല. ഉച്ചക്ക് സദ്യ…………………. പിന്നീട് ഓടിട്ട വീടുകൾ ആയപ്പോൾ ഓല മേയുന്ന പണി ഇല്ലാതായി. ബലമുള്ള വീടുകളായി. കോണ്ക്രീറ്റ് വാർത്ത വീടുകളായി. എല്ലാം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

മുൻപ് എന്റെ കൂടെ കർണാടകയിൽ (അന്ന് മൈസൂർ) ജോലി ചെയ്തിരുന്ന തഞ്ചാവൂർ കാരൻ ഒരു കൃഷ്ണമൂർത്തി പറഞ്ഞത് ഓർക്കുന്നു. തഞ്ചാവൂരിനടുത്തുള്ള ഒരുഗ്രാമത്തിലാണയാളുടെ വീട്. അവിടെ കൃഷി സ്ഥലങ്ങൾ കുറെ ദൂരെ ആയിരിക്കും. ആളുകളെല്ലാം ഒരുമിച്ചു അടുത്തടുത്തായിട്ടാണ് താമസിക്കുന്നത്. വീടുകൾക്കൊന്നും വാതിലിനു പൂട്ട്‌ ഉണ്ടാവില്ലത്രേ. രാവിലെ എല്ലാവരും കൃഷി സ്ഥലങ്ങളിലേക്ക് പോകും. കതകു ചാരി ഇടുകയെ ഉള്ളു. അവിടെ കള്ളന്മാരോ മോഷണമോ ഇല്ലത്രെ. എന്തായാലും ഇത് അന്നും ഇന്നും ഞാൻ വിശ്വസിച്ചിട്ടില്ല.
 
ഇന്ന് വീടെന്നാൽ സാധാരണക്കാർ പോലും വലിയ ആഡംബര സൌകര്യങ്ങളും സുരക്ഷിതത്തിനുള്ള ഉപകരണങ്ങളും ഒരുക്കിയാണ് നിര്മ്മിക്കുന്നത്. മനുഷ്യന്റെ ജീവിത നിലവാരവും വളരെ ഉയർന്നിരിക്കുന്നു.
 
ജനിച്ചു വളർന്ന വീട് ആർക്കും ഗൃഹാതുരത്ത്വം ഉണ്ടാക്കും. ആ ഓർമ്മകൾ ജീവിതകാലം മുഴുവൻ നിലനില്ക്കുന്നതാണ്.

उत्तर दक्षिण पूरब पश्चिम
देख लिया हमने जग सारा ।
अपना घर हे सब से प्यारा ।।
(തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ്
ലോകം മുഴുവൻ
ഞാൻ സഞ്ചരിച്ചു കണ്ടു.
എന്റെ വീടാണ് എനിക്ക്
എല്ലാത്തിലും പ്രിയമായത്)

(കടപ്പാട് Photo Google )



2014, നവംബർ 24, തിങ്കളാഴ്‌ച

ആകാശക്കാഴ്ച്ച



പ്രഭാത സവാരി ----- ആകാശക്കാഴ്ച്ച
----------------------------
മഴയെല്ലാം തോന്നു മാനം നല്ല ക്ലിയർ ആയിരിക്കുന്നു.ചന്ദ്രൻ നേരത്തെ അസ്തമിച്ചതിനാൽ നക്ഷത്രങ്ങളെല്ലാം തെളിഞ്ഞു കാണാം. ആകാശം എനിക്കെന്നും അത്ഭുതം ആണ്. അന്തം വിട്ടു നോക്കി നിന്ന് പോകും.
 
കിഴക്കാൻ മാനത്തു പെരുമീൻ ഉദിച്ചിരിക്കുന്നു. എത്ര ഭംഗിയാണ് കാണാൻ. ഗ്രീക്ക് സൗന്ദര്യ ദേവതയായ വീനസ്. എന്തൊരു സങ്കൽപം. നമ്മൾ ഇതിനെ വെള്ളി നക്ഷത്രമെന്നും ശുക്രൻ എന്നും വിളിക്കും. ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും പ്രകാശിക്കുന്നതായ് നാം കാണുന്നത് ശുക്രനെ ആണ്. പക്ഷെ അത് എല്ലാ കാലത്തും രാവിലെ കാണില്ല. ഇത് സൂര്യനും ഭൂമിക്കും ഇടയിലുള്ള ഗ്രഹം ആയതിന്നാൽ എപ്പോഴും സൂര്യനോട് ചേര്ന്നെ കാണൂ. കുറച്ചു നാളിന് ശേഷം അത് വൈകുട്ടു സൂര്യൻ അസ്തനിച്ചു കഴിയുമ്പോൾ പടിഞ്ഞാറൻ മാനത് കാണാം . ആളുകൾക്ക് ഈ ഗ്രഹത്തിന്റെ ആധിപത്യം ഉള്ള സമയത്തെ ശുക്ര ദശയാണെന്ന് ജോൽസ്യന്മാർ പറയും. വളരെ നല്ല കാലം ആണത്രേ.. ശുക്രനിലെ ഒരു ദിവസം ഒരു ശുക്രവർഷത്തേക്കാൾ ദൈർഘ്യമുളളതാണ്. സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ബുധൻ. പക്ഷെ സൂര്യനോട് വളരെ അടുത്തായതിനാൽ അത് കണ്ടു പിടിക്കാൻ പാടാണ്.

എന്റെ പ്രൈമറി സ്കൂൾ കാലത്ത്, ഞായറാഴ്ചകളിൽ രാത്രിയിൽ മുറ്റത്ത്‌ ഉലാത്തുമ്പോൾ അച്ഛൻ എന്നെയും കൂടെ കൂട്ടും. ആ കാലത്ത് അച്ഛൻ കാണിച്ചു തന്നതാണ് ആകാശ ഗംഗ എന്ന് വിളിക്കുന്ന milky way (നമ്മുടെ home galaxy). ആകാശത്തു പുക പോലെ കാണുന്നത് അന്നാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. അത് മുഴുവൻ കോടി കണക്കിന് നക്ഷത്രങ്ങളാണത്രേ. നമ്മൾ അതിന്റെ ഉള്ളിൽ നിന്നും നോക്കുന്നത് കൊണ്ടാണ് നീളത്തിൽ കാണുന്നത്. യധാർഥത്തിൽ വൃത്താകൃതിയിൽ spiral ഷേപ്പ് ആണ്. ഇതിന്റെ ഭംഗി. കണ്ണെടുക്കാൻ തോന്നുകയില്ല. വടക്കുമാറി ൨ എന്നെഴുതിയ പോലെ ഏഴു നക്ഷത്രങ്ങളുടെ ഗ്രൂപ്പ്‌ സപ്തർഷികൾ ആണത്രേ. (ഇംഗ്ലീഷിൽ URSA MAJOR ). അതിന്റെ വാലിൽ നടുക്കുള്ള നക്ഷത്രം വസിഷ്ടൻ ആണ്. അതിനോടെ ചേർന്ന് വളരെ ചെറിയ ഒരു നക്ഷത്രം ഉണ്ട്. വസിഷ്ടന്റെ ഭാര്യ അരുന്ധതി. നല്ല കാഴ്ച ഉള്ളവർകെ അത് കാണാൻ പറ്റു. ഇതിൽ പെട്ട രണ്ട് നക്ഷത്രങ്ങൾ pointers എന്ന് പറയും. അത് ധ്രുവ നക്ഷത്രത്തിലേക്കുള്ള pointer ആണ്. പണ്ട് നാവികർ ഇത് നോക്കിയാണ് ദിക്ക് കണ്ടുപിടിച്ചു യാത്ര ചെയ്തിരുന്നത്. ഇതിനു വടക്ക് മാറി ധ്രുവ നക്ഷത്രം കാണാം. ഇതിന്റെ സ്ഥാനം മാറുകയില്ല.
 
മദ്ധ്യ രേഖക്ക് ചുറ്റുമായ്‌ ആകാശത്തു LEO(ചിങ്ങം), VIRGO(കന്നി), LIBRA (തുലാം), SCORPIUS(വൃശ്ചികം)……… തുടങ്ങിയ 12 നക്ഷത്ര സമൂഹങ്ങൾ ഓരോ മാസങ്ങളെ സൂചിപ്പിക്കുന്നവ (ഗ്രീക്ക് കലണ്ടർ, കൊല്ല വര്ഷവും) ആ നക്ഷത്ര ഗ്രൂപ്പിൽ കൂടി സൂര്യൻ കടന്നു പോകുമ്പോൾ ആ മാസം കണക്കാക്കപ്പെടുന്നു. അല്പം ശ്രദ്ധിച്ചാൽ ഈ constellations എല്ലാം കണ്ടു പിടിക്കാം. അതിന്റെ പേര് സൂചിപ്പിക്കുന്നത് പൊലെ ഉള്ള ഷേപ്പ് ആണ്.

ഇത് കൂടാതെ വേട്ടക്കാരൻ(ORION), പപ്പീസ് ,Ursa Minor, Andromeda, Hercules, Canis Major, Vela .. തുടങ്ങി വേറെ ധാരാളം ഗ്രൂപ്പുകൾ ഉണ്ട്. SCORPIUS, ORION ഈ ഗ്രൂപ്പുകൾ വളരെ ഭംഗിയുള്ളതാണ്. കൂടാതെ ചാന്ദ്ര മാസം കണക്കാക്കുന്ന അശ്വതി, ഭരണി, കാർത്തിക, രോഹിണി, തുടങ്ങിയ 28 നക്ഷത്രങ്ങൾ. ചന്ദ്രൻ ആ നക്ഷത്രത്തിന്റെ നേരെ വരുമ്പോഴാണ് ആ നാൾ ആയി ഗണിക്കപെടുന്നത്

ഗ്രഹങ്ങൾ മിന്നി പ്രകാശിക്കില്ല. ഒരു പോലെ സ്ഥിരമായ പ്രകാശം ആണ്. അങ്ങിനെ ഇവയെ കണ്ടു പിടിക്കാം. ശുക്രൻ, ചൊവ്വ, ശനി, വ്യാഴം, യുറാനസ് ഈ ഗ്രഹങ്ങളെയെല്ലാം നേരിട്ട് നമുക്ക് കാണാം. നമ്മുടെ മംഗൾയാൻ ചുറ്റുന്ന ചൊവ്വഗ്രഹത്തിന് നല്ല ചുവപ്പ് നിറം ആണ്. star chart ഉപയോഗിച്ച് നക്ഷത്രങ്ങളെയും ഗ്രഹങ്ങളേയും നമുക്ക് കണ്ടു പിടിക്കാം. അതിനു ശേഷം ഇവയുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കണം. വളരെ രസകരമാണ്. പിന്നെ ഭാഗ്യമുണ്ടെങ്കിൽ എന്നെങ്കിലും ഒരു വാൽ നക്ഷത്രത്തിന്റെ performance കാണാൻ കഴിഞ്ഞേക്കും
.
ചരിത്രാതീത കാലം മുതൽ തന്നെ ആകാശത്തെ പറ്റി പല രാജ്യങ്ങളിലും പഠനവും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഭാസ്കര, ആര്യഭട്ട, Copernicus, Galileo Galilee തുടങ്ങി അനേകം പേരുടെ ഗവേഷണങ്ങൾ ധാരാളം അറിവ് നേടിതന്നിട്ടുണ്ട്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ല എന്ന അറിവു വെളിപ്പെടുത്തിയതിനു Galileo ക്ക് ഉണ്ടായ അനുഭവം നമുക്കറിയാമല്ലോ. ഇതു പോലുള്ള എന്തെല്ലാം ത്യാഗങ്ങളാണ് ആ കാലങ്ങളിൽ ഗവേഷകർ നേരിടേണ്ടി വന്നിട്ടുള്ളത്. നമുക്ക് അവരെ നമിക്കാം.

പുതിയ പുതിയ ദൂരദർശിനികൾ, ശൂന്യാകാശത്തുള്ള Hubble Space Telescope ഇവ ഉപയോഗിച്ച് ദൂരെ ദൂരെ യുള്ള galaxy കളെയും നക്ഷത്രങ്ങളെയും കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നു. Galaxy കൾ സ്വയം കറങ്ങുകയും വളരെ വേഗത്തിൽ അകന്നു കൊണ്ടിരിക്കുകയും ആണത്രേ. എത്ര അനന്തമായ പ്രപഞ്ചം. ഇതിന്റെ വലിപ്പത്തെ പറ്റി എങ്ങിനെ സങ്കല്പിക്കും. നമുക്ക് അതിരില്ലാത്ത ഒന്നും സങ്കല്പിക്കാൻ സാധിക്കില്ല.

അനേകം കോടി പ്രകാശ വർഷം (പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം) അകലെയുള്ള വസ്തുക്കളെ നാം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അത്രയും വര്ഷം മുൻപുള്ള അവസ്ഥയാണ് നമ്മൾ കാണുന്നത്. നമുക്കു കാണാൻ കഴിയാത്ത BLACK HOLES ഉണ്ടത്രേ. പ്രകാശത്തെ പുറത്തേക്ക് വിടത്തില്ലെന്നു മാത്രമല്ല അതിന്റെ ശക്തിയേറിയ gravitation കാരണം ചുറ്റുമുള്ള പ്രകാശത്തെയും നക്ഷത്രങ്ങളെ തന്നെയും ഉള്ളിലേക്ക് വലിച്ചെടുത്തു കളയും.

എന്റെ മനസ്സിലുള്ള ഒരു നിഗമനം:- പ്രപഞ്ചത്തിലുള്ള എല്ലാം ഗോളാകൃതിയാണ്. അത് പോലെ പ്രപഞ്ചത്തിനും ഗോളാകൃതി ആയിരിക്കുമോ. നമ്മൾ ദൂരേക്ക്‌ ദൂരേക്ക്‌ നോക്കുമ്പോൾ, കണ്ടത് തന്നെയാണോ പിന്നെയും കാണുന്നത്.

ആകാശത്ത് നോക്കി നിന്നാൽ സമയം പോകുന്നത് അറിയില്ല.