2014, നവംബർ 16, ഞായറാഴ്‌ച

മനുഷ്യകുലം



പ്രഭാത സവാരി ---- മനുഷ്യകുലം
 ---------------------------------
രാവിലെ നടക്കാനിറങ്ങിയതാണ്. നല്ല സുഖകരമായ കാഴ്ചകളാണ് ചുറ്റും. ഏതെല്ലാം ജീവികൾ. ഭക്ഷണം തേടി ഇറങ്ങുന്നതാണ്. കുരുവികൾ, കാക്കകൾ, മൈന, പുള്ളിക്കുയിൽ,  ചെമ്പോത്ത് (ഉപ്പൻ ),  വേഴാമ്പൽ തുടങ്ങി എന്തെല്ലാം പക്ഷികൾ. കല പില കൂട്ടുന്ന തവിട്ടു നിറമുള്ള കിറുങ്ങണത്തികൾ.  ഒരു അണ്ണാൻ ചിലച്ചു കൊണ്ട് ചാടിപ്പോയത് നോക്കിനിന്നു പോയി. തൊണ്ണൂറു മൂക്കുള്ള നമ്മുടെ അണ്ണാറക്കണ്ണൻ തന്നെ. ഇവിടെ അണ്ണാറക്കണ്ണൻമാർ ധാരാളം. എന്തൊരു വേഗത്തി ലാണ് മരത്തിൽ ഓടി കയറുന്നത്. എനിക്കെന്നും കൊതിയായിരുന്നു മരത്തിൽ കയറാൻ. പക്ഷെ ഭയം ആ ആഗ്രഹത്തിനു കടിഞ്ഞാണിട്ടു. ഒരു പക്ഷെ കുഞ്ഞായിരുന്നപ്പോൾ മരത്തിൽ കയറാതിരിക്കാൻ മുതിർന്നവർ ഭയപ്പെടുത്തിക്കാണും. ചെറുപ്പത്തിൽ എന്റെ ഒരു സുഹൃത്ത് ആഞ്ഞിലി മരത്തിൽ (അയണി പ്ലാവ്) കയറി ആഞ്ഞിലിപ്പഴം അവിടിരുന്നു തന്നെ തിന്നുന്നത് കൊതിയോടു നോക്കി നിന്നിട്ടുണ്ട്. ഇടക്ക് ഓരോന്ന് പറിച്ചു എറിഞ്ഞു തരും. അവിടെ നിന്നും കാണുന്ന ദൂരക്കാഴ്ചകൾ വിവരിക്കുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്.

പറഞ്ഞു വന്നത് അണ്ണാറക്കണ്ണന്റെ കാര്യം. അണ്ണാനെ മരം കയറ്റം പഠിപ്പിക്കണ്ട എന്നു ചൊല്ലുണ്ട്. മരം കയറ്റം അറിയാത്ത ഒറ്റ അണ്ണാനും ഉണ്ടാവില്ല.  നീന്താൻ അറിയാത്ത ഒരു താറാവും ഇല്ല. ഒട്ടകപക്ഷി വളരെ വേഗത്തിൽ ഓടുന്ന പക്ഷിയാണ്. കങ്കാരൂ വിനു ഉയരത്തിൽ ചാടാൻ കഴിവുണ്ട്. അങ്ങിനെ ഓരോ ജീവ വർഗത്തിനും അതിന്റേതായ കഴിവുകളും സ്വഭാവങ്ങളും ഉണ്ട്.

മരം കയറ്റം അറിയാത്ത അണ്ണാനും ഉണ്ടോ.?    മരം കയറ്റം അറിയാവുന്ന ഒരു അണ്ണാറക്കണ്ണൻ മരത്തിൽ കയറി മാമ്പഴം പറിച്ചു താഴെ നിക്കുന്ന പേടിച്ചു തൂറികളായ മടിയൻ അണ്ണാൻമാർക്ക് കൊണ്ട് വന്നു കൊടുക്കുക. സങ്കല്പിച്ചു നോക്കി. നീന്തൽ അറിയാത്ത താറാവുകൾ നീന്തുന്ന താറാവുകളുടെ മിടുക്കു കണ്ടു കയ്യടിക്കുക  (അല്ല ചിറകടിക്കുക). ഓടാൻ കഴിവില്ലാത്ത ഒട്ടകപക്ഷികൾ ഓട്ടക്കാർക്ക് മത്സരം നടത്തി സമ്മാനം കൊടുക്കുക.  ഇതൊക്കെ ഞാൻ ആലോചിച്ചു പോയതാണ് .
മനുഷ്യരുടെ കാര്യത്തിൽ മാത്രം ഇങ്ങിനെ ഒക്കെ യാണ് നടക്കുന്നത്. അരക്കാൻ തേങ്ങ വേണമെങ്കിൽ തെങ്ങു കയറ്റക്കാർ വരണം. ചിലർ അണ്ണാനെ പോലെ മരത്തിൽ കേറും ബാക്കിയുള്ളവർ പേടിച്ചു താഴെ നിക്കും. ചിലർ നന്നായ് നീന്തും. നല്ലൊരു ശതമാനം പേരും വെള്ളത്തിൽ ഇറങ്ങാൻ പേടിക്കുന്നവർ. ചിലർ ഉയരത്തിൽ ചാടാൻ മിടുക്കർ. ചിലരാണെങ്കിൽ ഓട്ടക്കാർ. ചിലർ കവികൾ  ചിലർ കഥ എഴുത്തുകാർ. അവർ എഴുതുന്നതു വായിക്കുന്നവരും, വായിക്കാതെ ലൈക്കും കമെന്റും അടിക്കുന്നവരും, ഇതൊന്നും ശ്രദ്ധിക്കാത്തവരും.  പാട്ട് പാടുന്നവർ നൃത്തം ചെയ്യുന്നവർ.  പണ്ഡിതർ,  ശാസ്ത്രജ്ഞർ, നല്ലവർ, ദുഷ്ടന്മാർ, എന്ന് വേണ്ട എന്തെല്ലാം.   മനുഷ്യര്ക്കെന്താണ് ഈ വ്യത്യസ്തത. നമുക്ക് പൊതുവായ കഴിവുകളും സ്വഭാവഗുണങ്ങളും ഇല്ലേ

Ø  ഒരേ സ്വഭാവവും, കഴിവും, ജീവിതചര്യകളും ഉള്ള മനുഷ്യവംശം. എല്ലാവരും ഒരുപോലെ മിടുക്കർ, ബുദ്ധിമാന്മാർ, പണ്ഡിതന്മാർ, ഭരിക്കുന്നവരും, ഭരിക്കപ്പെടുന്നവരും ഇല്ല കള്ളത്തരങ്ങൾ ഇല്ല. പോലിസ് ഇല്ല പട്ടാളം ഇല്ല. ശരിക്കും മാവേലി രാജ്യം. എന്തൊരു സ്വപ്നം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ