2014, നവംബർ 23, ഞായറാഴ്‌ച

വർഗ ശത്രു



വർഗ ശത്രു
-------------------

ഇന്നല്പം നേരത്തെ നടക്കാനിറങ്ങി. അഞ്ചു മണി ആയതേ ഉള്ളു. സാധാരണ റോഡിൽ കാണാറുള്ള ആൾക്കാരെ ഒന്നും കാണുന്നില്ല. മഴക്കാറ്.  മാനത്തെങ്ങും ഒറ്റ നക്ഷത്രത്തെ പോലും കാണാനില്ല.
റോഡിന്റെ ഒരു വശത്തു കുര്ർ ..കുര്ർ ... ശബ്ദം. ആദ്യം ഒന്ന് ഭയന്നു. പിന്നെ മനസ്സിലായി. കാട്ട് പന്നികളാണ്. രാത്രിയിൽ ഇവിടെ ഭയങ്കര ഉപദ്രവമാണ്. കൃഷിയെല്ലാം കുത്തി ഇളക്കി നശിപ്പിക്കും. ചേമ്പ് , കപ്പ  തുടങ്ങി കിഴങ്ങു വര്ഗങ്ങലെല്ലാം തിന്നും. വാഴ എല്ലാം കുത്തി ഇളക്കി നശിപ്പിക്കും. ഒന്നുമല്ലെങ്കിൽ മണ്ണ് കുത്തിയിളക്കി മണ്ണിരകളെ തിന്നും. പിന്നെ കശാപ്പു കാരും  മറ്റും കൊണ്ടുവന്നു റോഡ്‌ സൈഡിൽ തട്ടുന്ന വെയിസ്റ്റ് തിന്നും. ഇവിടെ  കൃഷി ചെയ്തിരുന്നവർ മിക്കവാറും ഉപേക്ഷിച്ച മട്ടാണ്. കൂട്ടത്തോടെ വരുന്ന സംഘങ്ങൾ ശബ്ദം കേട്ടാൽ പേടിച്ചു ഓടിക്കളയും.  ഒറ്റയ്ക്ക് വരുന്ന ഒറ്റയാൻമാരുണ്ട്. നമ്മുടെ നേർക്ക്‌ വന്നു ആക്രമിക്കും. പകൽ സമയത്ത് പോലും കുട്ടികളെ ആക്രമിച്ചിട്ടുണ്ട്.  
ഇവയെ കാട്ടു പന്നി എന്ന് പറയുമെങ്കിലും ജനവാസ മേഖലയിൽ  തന്നെയാണ് തമ്പടിച്ചിരിക്കുന്നത്.  ഇവയ്ക്കു ശത്രുക്കൾ ഇല്ലാതായതോടെ പെട്ടെന്ന് വർധനയുണ്ടായ്. കാട്ടിലെങ്ങും ആഹാരം ഇല്ലാതായി . അങ്ങിനെയാണ് നാട്ടിലെക്കിറങ്ങിയത്. ഇവ സംരക്ഷിക്കപ്പെട്ട ജീവിയാണ്. കൊല്ലുന്നതും ഭക്ഷിക്കുന്നതും ശിക്ഷാർഹമാണ്.
ഏതെങ്കിലും ജീവികളെ കൂടുതൽ  സംരക്ഷിക്കുന്നത് അവയ്ക്ക്  വിപരീതമായ ഫലം ചെയ്യും എന്ന് എനിക്ക് തോന്നുന്നു. ഒരിക്കൽ വായിച്ചതായ് ഓർക്കുന്നു. വംശനാശം നേരിട്ടുകൊണ്ടിരുന്ന ഒരു മാൻ വർഗത്തെ സംരക്ഷിക്കാൻ വേണ്ടി ഒരു വന മേഖല അതിനായ് സംരക്ഷിച്ചു ഇവയെ അധിവസിപ്പിച്ചു . കുറെ കാലം കഴിഞ്ഞപ്പോൾ ഇവക്ക് എണ്ണത്തിൽ വളരെ വർദ്ധനയുണ്ടായ്. ശ്രമം വിജയിച്ചതിൽ എല്ലാവരും സന്തോഷിച്ചു. കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ മാനുകൾ നശിക്കാൻ തുടങ്ങി. കാരണം അവയ്ക്ക് ആഹാരം ഇല്ലാതെയായ്. ശത്രുക്കൾ ഇല്ലാത്തതുകൊണ്ട് അമിതമായ വർദ്ധനവ് ക്ഷാമം ഉണ്ടാക്കി. പ്രകൃതിയിലുള്ള തുലനം ഇല്ലാതായി. ശത്രുക്കളും പ്രകൃതിയിൽ ആവശ്യമാണ്.
ശത്രുക്കളുടെ കാര്യം പറഞ്ഞപ്പോഴാണ് മനസ്സിൽ വന്നത്. മനുഷ്യരും ഇത് പോലെ ക്രമാതീതമായ്‌ വര്ദ്ധിക്കുന്നില്ലേ. ആരാണ് മനുഷ്യന്റെ ശത്രുക്കൾ. മനുഷ്യന്റെ പ്രധാന ശത്രു മനുഷ്യൻ തന്നെ. യുദ്ധങ്ങൾ. അധികാരത്തിനു വേണ്ടി, വിനോദത്തിനു  വേണ്ടി, മതം, ഭാഷ, നിറം, എന്ന് വേണ്ട എന്തെല്ലാം കാരണങ്ങൾ. ഒരു കാരണവും ഇല്ലാതെ വെറുതെ ചൊറിഞ്ഞു ചൊറിഞ്ഞു    കാരണം ഉണ്ടാക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. ഉല്പാദിപ്പിക്കുന്ന ആയുധങ്ങൾക്ക് മാർക്കറ്റ് കിട്ടാൻ യുദ്ധം ഉണ്ടാക്കിക്കുന്ന രാജ്യങ്ങൾ ഉണ്ട്. ഇത് കൂടാതെ ചുമ്മാ ലോക്കൽ ആയി തമ്മിൽ തല്ലി തലകീറുന്നവർ. കൊട്ടേഷൻ കൊല. രാഷ്ട്രീയ എതിരാളികളെ കൊല. ഇനിയും എന്തെല്ലാം ദുഷ്ടതകൾ.
വേറെ ശത്രുക്കൾ :’പകർച്ച വ്യാധികൾ,  ഹാര്ട്ട് അറ്റാക്ക്, കാൻസർ, സ്ട്രോക്ക്,ഷുഗർ. ഇനിയും ഉണ്ട് അപകടങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ. ഇതെല്ലാം മൻഷ്യന്റെ വര്ധന നിയന്ത്രിക്കാൻ ഉള്ള പ്രകൃതിയുടെ മാർഗങ്ങൾ ആണോ.
ആയിരിക്കാം. പക്ഷേ ശത്രുക്കളെ പറ്റിയുള്ള ചിന്തകൾ ദുഃഖം ഉണ്ടാക്കുന്നു. ശത്രുതയില്ലാത്ത ലോകം ആണ് നമുക്കിഷ്ടം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ