2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഹിമാലയൻ സംഗീതം



പ്രഭാത സവാരി --- ഹിമാലയൻ സംഗീതം
-----------------------------------------
നടക്കാൻ ഇറങ്ങി അല്പം പോയപ്പോൾ എതിരെ ദിവസവും കാണുന്ന ഒരു സുഹൃത്തിനെ കണ്ടു. അയാൾ ഇന്ന് നേരത്തെ ഇറങ്ങിയെന്നു തോന്നുന്നു.  കൈ പൊക്കി അഭിവാദ്യം.. ഏതാണ്ട് ഒരു കിലോമീറ്റർ ആയപ്പോൾ ദൂരെ നിന്നും അയ്യപ്പൻ പാട്ട് കേൾക്കാം. നേർത്ത സുഖകരമായ ശബ്ദം. മൈക്ക് ഉപയോഗിക്കാതെ പാടുന്നത് കേൾക്കാനാണ്‌ എനിക്കിഷ്ടം.

പൊതുപരിപാടികൾക്കും,  ഉത്സവങ്ങൾക്കും, ഘോഷ യാത്രകൾക്കുമെല്ലാം ആംപ്ലിഫയർ വച്ചു ഉച്ചത്തിൽ  ശബ്ദം കേൾക്കുന്നത് എനിക്ക് എപ്പോഴും അസഹനീയമായിട്ടാണ് തോന്നിയിട്ടുള്ളത്. അതുപോലെ കല്യാണങ്ങൾക്ക് പോകാൻ വേണ്ടി എർപെടുത്തുന്ന ആഡംബര ബസ്സുകളിൽ വയ്ക്കുന്ന തട്ട് തകർപ്പൻ ശബ്ദ കോലാഹലം. നിവർത്തിയില്ലെങ്കിൽ മാത്രമേ ഞാൻ ഇതിലൊക്കെ ചെന്നു പെടൂ. അല്ലെങ്കിൽ ചെവിയിൽ പ്ലഗ് വച്ചിരിക്കും. സിനിമാ തിയേറ്ററിൽ നിന്നും ഇറങ്ങി പോന്നിട്ടുണ്ട് . ആളുകള് തിയേറ്ററിൽ സിനിമ കാണാത്തത് ഈ ശാസ്ത്രീയമല്ലാത്ത അമിത ശബ്ദം കാരണം ആയിരിക്കാം. അതോ ഇതെന്റെ കുഴപ്പം ആണോ. എന്തായാലും ഉച്ചത്തിലുള്ള ശബ്ദം എനിക്കിഷ്ടമല്ല.

വീണ്ടും അയ്യപ്പൻ  പാട്ടു ശ്രദ്ധിച്ചു. ദൂരെ നിന്നും ഇഴഞ്ഞിഴഞ്ഞു വരുന്ന ശബ്ദം. കാറ്റിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾ. നാച്ചുറൽ ആയ നാടൻ സംഗീതം.  എന്റെ മനസ്സ് 45 വർഷത്തിനു മുൻപുള്ള അനുഭവങ്ങളിലേക്ക്‌ പോയി.

ആസ്സാമിനും വടക്കുള്ള അരുണാചൽ പ്രദേശ്‌ (അന്ന് NEFA ). ഹിമാലയത്തിൽ. ദിബാങ്ങ് വാലി ഡിവിഷന്റെ ഹെഡ് ക്വാര്റ്റെർ അനിനി . നമ്മുടെ അതിര്ത്തിയോടെ ചേർന്നുള്ള സ്ഥലം.  റോഡും ഒന്നും ഇല്ലാത്ത ഉൾ പ്രദേശം. ചെല്ലണമെങ്കിൽ പത്തു പതിനാറു ദിവസത്തെ ക്ലേശകരമായ mountaineering അല്ലെങ്കിൽ helicopter. (അന്നത്തെ കാര്യം ആണ് )  കിഴക്കൻ പ്രദേശം ആയതു കൊണ്ട് വൈകിട്ട് 5 മണി ആകുമ്പോഴേക്കും രാത്രി ആകും. രാവിലെ 4 മണിക്ക് നേരം വെളുക്കും. മിക്കവാറും ദിവസം മഴ. എപ്പോഴും തണുപ്പ്. ചുറ്റിലും മഞ്ഞുമൂടിയ പർവതങ്ങൾ. ഒരു മാസം മഞ്ഞു പെയ്യും. കുറച്ചു നാൾ മഞ്ഞു മൂടി കിടക്കും. മഞ്ഞു വീഴുന്നത് നല്ല കാഴ്ചയാണ്. അനുഭവിച്ചറിയെണ്ടതാണിതെല്ലാം.  റേഷൻ കിട്ടുന്നതു വിമാനത്തിൽ Air Drop ചെയ്താണു.

മലയാളികൾ ചീട്ടു കളിച്ചാണു വൈകിട്ടു സമയം കളയുന്നതു. പിന്നെയുള്ളതു ബംഗാളികൾ, അസ്സാംകാർ, തമിഴർ. ബീഹാറികൾ, നാട്ടുകാരായ ആദിവാസികൾ.

 ഓഫീസിൽ ഭേദപ്പെട്ട ഒരു വായന ശാല ഉണ്ടായിരുന്നു. എല്ലാ ഭാഷകളിലുമുള്ള നല്ല പുസ്തകങ്ങൾ. എനിക്ക് അതായിരുന്നു അവിടെ രക്ഷയായത്. വായന ശീലം ഉണ്ടായതും മലയാളത്തിലും, ബംഗാളിയിലും, ഇംഗ്ലീഷിലുമുള്ള എഴുത്തുകാരെയുമെല്ലാം ഇഷ്ടപ്പെടാനുമുള്ള അവസരം ഉണ്ടായതും അവിടെ വച്ചാണ്. രാത്രിയിൽ റാന്തൽ വിളക്കും കത്തിച്ചു വച്ചു വളരെ നേരം പുസ്തകം വായിച്ചു കൊണ്ടിരിക്കുമായിരുന്നു. കമ്പിളിയും രസായിയും പുതച്ചു കൈ മാത്രം പുറത്തിട്ടു കൊണ്ടാണ് വായന. ചില ദിവസങ്ങളിൽ  ദൂരെ നിന്നും ആദിവാസികളുടെ നാടൻ പാട്ട്  കേൾക്കാം. എനിക്കത് കേട്ടിരിക്കാൻ വലിയ സുഖമായിരുന്നു.

അവിടെ നാട്ടുക്കാർ മിസ്മികൾ എന്ന ആദിവാസികളാണ്. വൃത്തിയും ഭംഗിയുമുള്ള  പരിമിതമായ വസ്ത്രധാരണം ചെയ്ത പ്രത്യേക ഹെയർ സ്റ്റൈൽ ഉള്ള മഞ്ഞ നിറമുള്ള സുന്ദരന്മാരും സുന്ദരികളും. ഭംഗിയുള്ള വസ്ത്രങ്ങളും തൊപ്പിയും സ്വയം നെയ്തുണ്ടാക്കും. മുളയും ചൂരലും കൊണ്ട് വീടുകളും, പാലങ്ങളും. നിത്യോപയോഗ വസ്തുക്കളും സ്വയം നിർമ്മിക്കാൻ വിദഗ്ദ്ധർ. നല്ല മനുഷ്യർ. മഞ്ഞു മൂടിക്കിടക്കുംപോഴും വസ്ത്രധാരണം ഇത് തന്നെ. കാലിൽ  ചെരുപ്പും ഇടില്ല. അവരുടെ സംസാര ഭാഷ എന്നാൽ ശബ്ദങ്ങളാണ്. വളരെ കുറച്ചു വാക്കുകൾ ഓരോ സന്ദർഭമനുസരിച്ചുള്ള  ശബ്ദം. അരിയിൽ നിന്നും ഉണ്ടാക്കുന്ന ഒരു തരം മദ്യം  എല്ലാവരും ഉപയോഗിക്കും. പുകവലിയും ഇഷ്ടമാണ്.  രാത്രിയിൽ ഗ്രാമങ്ങളിൽ തീ കൂട്ടിയിട്ടു പാട്ടും നൃത്തവും. നൃത്തത്തിനുള്ള പാട്ടെന്നാൽ വെറും ഒരു വരി മാത്രമേ കാണൂ. ചുവടു വയ്ക്കലും ആവര്ത്തനം തന്നെ. രാത്രി വളരെ നേരം നേർത്ത ശബ്ദത്തിലുള്ള ഈ പാട്ട് ഒഴുകി വരുന്നത് ഇപ്പോഴും ഓർമ്മയിൽ.

കച്ചിങ്കോ  ഓ ഓ          മിച്ചിങ്കോ   ഓ ഓ
നാണീമ്മോ ഓ ഓ    നാപ്പാമ്മോ ഓ ഓ
                     (ശരിയാണോ എന്നറിയില്ല.  ഇങ്ങിനെയാണു കേട്ടോർമ്മ.)

ഒരുപാട് കാര്യങ്ങൾ ഈ ഹിമവാന്റെ മക്കളിൽ നിന്നും പഠിക്കാനുണ്ട്. അവർക്കു സ്വന്തം ശാസ്ത്രവും, കലകളും, കൃഷിയും, ജീവിത രീതികളും ഉണ്ട്.

സംഗീതത്തിന് ഭാഷ വേണ്ട. പരിഷ്കാരവും വേണ്ട.  അല്ലെങ്കിൽ തന്നെ ആരാണു പരിഷ്കൃതർ.

(ഫോട്ടോ കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ