2014, നവംബർ 23, ഞായറാഴ്‌ച

കുട വിശേഷം .





കുട വിശേഷം .
----------------
ഇന്നല്പം താമസിച്ചു പോയി. ഇന്നും നല്ല മഴക്കാറ്. എന്തായാലും ഇറങ്ങിയില്ലേ നടന്നേക്കാം. രാവിലെ നടക്കുമ്പോൾ മനസ്സിനെ സ്വതന്ത്രമാക്കി പറന്നു നടക്കാൻ അനുവദിക്കാം. യാതൊരു നിയന്ത്രണവും വേണ്ട. നല്ല അനുഭവം ആണത്. .മഴ പെയ്യുമെന്ന് തോന്നുന്നു. വിചാരിച്ചതെ ഉള്ളു. മഴ ചാറാൻ തുടങ്ങി. നനഞ്ഞപ്പോൾ തണുക്കുന്നു. കേറി നില്ക്കാൻ പറ്റിയ കടകളൊന്നും ഈ ഭാഗത്ത് ഇല്ല. വീടുകളൊന്നും തുറന്നിട്ടില്ല. ആളുകൾ എഴുനേല്ക്കുന്ന സമയം ആയിട്ടില്ല. ഒരു വലിയ മരത്തിന്റെ കീഴിൽ നിന്നു. ചെറിയ മഴയാണെങ്കിൽ നനയില്ല.

ഒരിക്കൽ ജബൽപൂരിൽ ആയിരിക്കുമ്പോൾ:- സൈക്കിളിൽ കുറച്ചു ദൂര യാത്ര പോകുകയായിരുന്നു. (അവിടെ സൈക്കിളും സൈക്കിൾ റിക്ഷയും മാത്രമേ ഉള്ളു. ഇപ്പോഴത്തെ കാര്യം അറിയില്ല). പെട്ടെന്നാണ് കാറ്റും മഴയും കൂടി വന്നത്. സൈകിൾ നിർത്താൻ പോലും സമയം കിട്ടിയില്ല. മറിഞ്ഞു വീണു. ഞാൻ ഓടി ഒരു വലിയ മരത്തിന്റെ കീഴിൽ അഭയം കണ്ടു. മഴയെന്നു പറഞ്ഞാൽ വെള്ളം ആയിരുന്നില്ല. ചെറിയ മെറ്റൽ കഷനത്തിന്റത്ര വലുപ്പമുള്ള ഐസ് കട്ടകൾ (ആലിപ്പഴം) ആയിരുന്നു പെയ്തത്. കൂടെ കാറ്റും. ദേഹത്ത് പലയിടത്തും മുറിവുണ്ടായ്.  അത് പോലെയുള്ള അനുഭവം എന്തായാലും നമ്മുടെ നാട്ടിൽ ഉണ്ടാകില്ല.

ചെറുപ്പത്തിൽ മഴ നനയുന്നത് വലിയ ഇഷ്ടമായിരുന്നു. മഴയത്ത് കുളിക്കാൻ എനിക്കിഷ്ടമായിരുന്നു. മഴക്കാലമായാൽ മഴ നനയാതിരിക്കാൻ പറ്റില്ല. ശീലക്കുട യൊന്നും അന്നില്ല  ഉണ്ടായിരിക്കാം കണ്ടിട്ടില്ല. അല്ലെങ്കിൽ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. (പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള കാര്യം ആണ്). അന്ന് ഓലക്കുടകൾ ആണ് ഉണ്ടായിരുന്നത്. നമ്മുടെ മാവേലി ഉപയോഗിക്കുന്ന ഓലക്കുട തന്നെ. കുടപ്പന യുടെ ഓല,  ഈർക്കിൽ, ചൂരൽ, ചൂരൽവള്ളി ഇവയായിരുന്നു അസംസ്കൃത വസ്തുക്കൾ. ഇത് മടക്കി വയ്ക്കാൻ പറ്റില്ല. ഈട് നില്ക്കും. നല്ല ഭംഗിയും ബലവുമുണ്ട്. ഇതും സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. സമ്പന്നരായ സവർണർ മറക്കുടയായും പ്രതാപം കാണിക്കാനും ഉപയോഗിച്ചിരുന്നു. കൂടാതെ പണിയെടുക്കുമ്പോൾ ഉപയോഗിക്കാൻ തൊപ്പിക്കുട ഉണ്ടായിരുന്നു. പാള കൊണ്ടുള്ള തൊപ്പിപാളയും, പാളകൾ കൂട്ടി തൈയ്ച്ചു rain coat പോലെ പുറത്തിടുന്ന ചൂടു പാള. ഇതെല്ലാം പാടത്ത് പണിയെടുക്കുന്നവർ ഉപയോഗിച്ചു വന്നു, സാധാരണ കുടയെന്നാൽ വാഴയിലയാണ്. വളരെ സിമ്പിൾ. എളുപ്പം കിട്ടും എവിടെയും കിട്ടുമായിരുന്നു.

സ്കൂളിൽ പോകുമ്പോൾ പക്ഷെ ഇതു പ്രായോഗികമല്ല. ഞങ്ങൾ പുസ്തകം അടിയിലും സ്ലേറ്റ്‌ മുകളിലുമായ് തലയിൽ വച്ച് ഒറ്റ ഓട്ടം വച്ചു കൊടുക്കും. വീട്ടില് എത്തുമ്പോൾ നനഞ്ഞു കുളിച്ചിരിക്കും. അന്ന് വഴക്കൊന്നും പറയില്ല കേട്ടോ. (ഇന്നാണെങ്കിൽ മാതാപിതാക്കൾ സഹിക്കുമോ.) അന്ന് പ്രകൃതിയോട് കൂടുതൽ ചേർന്നായിരുന്നു ജീവിച്ചിരുന്നത്. അത് കൊണ്ട് ഇപ്പോഴും മഴ നനഞ്ഞാൽ ഒരസുഖവും ഉണ്ടാകാറില്ല.

ഇപ്പോൾ എന്തെല്ലാം തരത്തിലുള്ള കുടകൾ മടക്കുന്ന, ഓടിച്ചുമടക്കുന്ന. ഒടിച്ചു ഒടിച്ചു  മടക്കുന്ന, വിസ്സിൽ ഉള്ളത്, ലൈറ്റ് ഉള്ളത് പാട്ട് പാടുന്നത് പല പല നിറങ്ങളിലുള്ളത്. ചെവിയും കണ്ണും ഉള്ളത് ചുരുട്ടി മടക്കി hand bag ൽ വയ്കാവുന്നത് ഓരോ വർഷവും മത്സരിച്ചു കുട്ടികള്ക്ക് വേണ്ടി പുതിയ സ്റ്റൈലിൽ കുടകൾ അവതരിപ്പിക്കുകയാണ്.
ശാസ്ത്രം മനുഷ്യന് എന്തെല്ലാം സുഖ സൌകര്യങ്ങളാണ് തന്നു കൊണ്ടിരിക്കുന്നത്. ഇങ്ങിനെയുള്ള എല്ലാ നേട്ടങ്ങൾക്കും ചെറിയ കാര്യമാണെങ്കിൽ പോലും എത്ര പേരുടെ ബുദ്ധിയും പ്രയത്നവും ഉണ്ടാകും. (കുടയുടെ കാര്യം മാത്രമല്ല). ഇങ്ങിനെ സുഖ സൌകര്യങ്ങൾ വർദ്ധിക്കും തോറും മനുഷ്യർക്ക്‌ പ്രകൃത്യാലുള്ള രോഗ പ്രതിരോധ ശേഷി ഇല്ലാതായി ക്കൊണ്ടിരിക്കുന്നു. കൃത്രിമമായ് പ്രതിരോധ മരുന്നുകൾ അതിനായ് കണ്ടുപിടിക്കുന്നു. ആരോഗ്യ രംഗത്തെ നേട്ടങ്ങൾ മറന്നു കൂടാ. തീർച്ചയായും കാലഘട്ടത്തിനനുസരിച്ച് നാം മാറണം.
മനുഷ്യന്റെ മനസ്സിൽ നന്മയുണ്ടാകാനുള്ള എന്തെങ്കിലും മരുന്നും കണ്ടുപിടിക്കുമായിരിക്കും. അല്ലെങ്കിൽ അധോഗതി  തന്നെ.
മഴ തോർന്നിരിക്കുന്നു. ഇന്നിനി നടപ്പ് നിർത്തി തിരിച്ചു പോകാം.  ആകെ നനഞ്ഞിരിക്കുന്നു.
“Rain rain go away, come again another day”
സായിപ്പു കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന പാട്ടു നമുക്കു പാടണ്ട. മഴ പെയ്തോട്ട് 
(Photo from Google)
.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ