2014, നവംബർ 23, ഞായറാഴ്‌ച

ഒരു ആന വിചാരം



ഒരു ആന വിചാരം       
----------------
നാലു മണിക്ക് തന്നെ ഉണർന്നു. ഇപ്പോൾ അലാറത്തിന്റെ ആവശ്യം ഇല്ല. കുറച്ച് ദിവസം ഒരു കൃത്യ സമയം അലാറം വച്ചു എഴുനേൽക്കുകയാണെങ്കിൽ പിന്നെ ദിവസവും അലാറം ഇല്ലാതെ തന്നെ ആ സമയത്ത് ഉണരും. അതിന്റെ കാരണം എന്താണാവോ. നമ്മുടെ തലച്ചോറിൽ ഒരു ക്ലോക്ക് ഉണ്ടെന്നു  തോന്നുന്നു. അത് പോലെ കോഴി കൃത്യ സമയത്ത് കൂകുന്നത് കണ്ടിട്ടുണ്ട്. നമുക്ക് അറിയാത്ത എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ഉള്ളിൽ നടന്നു കൊണ്ടിരുക്കുന്നു. ഒരു പക്ഷെ ഇതിന്റെ കാരണം ശാസ്ത്രം കണ്ടു പിടിച്ചിട്ടുണ്ടാകാം.
കറന്റ് ഇല്ല. ഉണ്ടായിരുന്നെങ്കിൽ കുറച്ചു നേരം വായിക്കാമായിരുന്നു. കുറച്ചു കൂടി കിടന്നു. അഞ്ചരയായപ്പോൾ നടക്കാനിറങ്ങി. കറന്റില്ലാത്തത് കൊണ്ട് ടോർച്ച് എടുത്തു. ആകാശം ഇരുണ്ടു കിടക്കുന്നു. ഇന്നലെ വൈകിട്ടും മഴ നന്നായി പെയ്തു. കുറ്റാകുറ്റിരുട്ടു. " കല്ലു കരടു കാഞ്ഞിരക്കുറ്റി, മുള്ള് മുരടു മൂർഖൻ പാമ്പ് "(നമ്മുടെ കേരള കാളിദാസൻ കേരളവർമ്മ വലിയകോയി തമ്പുരാന്റെ ഒരു ലേഖനത്തിൽ വായിച്ചതോര്മ്മ വന്നു).  ഇവിടെ റോഡിന്റെ സൈഡിലെല്ലാം ഇഞ്ചമുള്ള് പടര്ന്നു കിടക്കുകയാണ്. അതുകൊണ്ട് സൈഡ് ഒഴിഞ്ഞു പോകാൻ വിഷമം.

ഒരു ചിലങ്കയുടെ ശബ്ദം കേട്ട പോലെ. അടുത്തടുത്തു വരുന്നു. ടോര്ച്ച് അടിച്ചിട്ടും ഒന്നും കാണുന്നില്ല. നല്ലപോലെ അടുത്തു വന്നപ്പോഴാണ് ആനയാണെന്ന് അറിഞ്ഞത്. പെട്ടെന്ന് പേടിച്ചു പോയി. ചങ്ങലയുടെ ശബ്ദം ആണ് കേട്ടത്. ഒരു പാപ്പാൻ‌ ആനപുറത്തിരുപ്പുണ്ട്. ഇരുട്ടത്ത് കാണാൻ പ്രയാസമാണ്.  അടുത്ത കാലത്ത് വണ്ടി ഇടിച്ചു പല അപകടങ്ങൾ ഉണ്ടായ കാരണം ആനയുടെ മുന്പിലും പുറകിലും ചുവപ്പ് reflector വയ്ക്കണമെന്ന് നിർബന്ധമായത്.

ആന എന്നും കാണാൻ കൌതുകമുള്ള ജീവിയാണ്. അതിന്റെ ശാരീരികമായ പ്രത്യേകതകൾ കൊണ്ടും വലിപ്പം കൊണ്ടും ആരും പ്രത്യേകം ശ്രദ്ധിക്കും.  പണ്ട് ആനകെളെ പിടിക്കാൻ മൈസൂരിൽ ഘെദ്ദ എന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. താപ്പനകളും മനുഷ്യരും നായകളും എല്ലാം കൂടി വലിയ ശബ്ദം ഉണ്ടാക്കി കാട് വളയും. അതിനുള്ളിൽ പെടുന്ന ആനകെളെല്ലാം പേടിച്ചോടും. അങ്ങിനെ എല്ലാ ആനകേളെയും ഓടിച്ചു കെണിയിൽ പെടുത്തി കൂട്ടത്തോടെ പിടിക്കും. കേരളത്തിൽ വാരിക്കുഴി ഉപയോഗിച്ചാണ് ആനയെ പിടിച്ചിരുന്നത്. ആന പിടുത്തം നിർതലാക്കിയിട്ടു അനേകം വർഷങ്ങൾ ആയി എന്നാണു എന്റെ അറിവ്. അങ്ങിനെയെങ്കിൽ ഇത്രയും ആനകൾ ഇപ്പോഴും നാട്ടിൽ എങ്ങിനെയാണ് ഉള്ളത്. അതോ ഇപ്പോഴും ആന പിടുത്തം ഉണ്ടോ.?

മനുഷ്യന്റെ ക്രൂരത ഇത്രയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വേറെ ഒരു ജീവി ഉണ്ടോ എന്ന് സംശയം. കാണാൻ കൌതുകം, കായിക ശക്തി, ഇണക്കാൻ എളുപ്പം.. പണ്ട് കാലത്ത് രാജാക്കന്മാർക്ക്  ആഡംബരത്തിനും  യുദ്ധത്തിനും ധാരാളം ആനകളെ  വേണ്ടിയിരുന്നു. അന്നും ഇന്നും  ഭാരിച്ച ജോലികൾ ചെയ്യാൻ ആന വേണം. ഉത്സവങ്ങൾക്കും  ആഘോഷങ്ങൾക്കും സ്വീകരണ ചടങ്ങുകൾക്കും എല്ലാം ആനയെ മനുഷ്യന്റെ നയന സുഖത്തിനും ആഡംബരത്തിനും  വേണ്ടി കഷ്ടപ്പെടുത്തുന്നു. കാട്ടിൽ പുൽമേടുകളിലും മറ്റും നടക്കാൻ വേണ്ടി adapt ചെയ്യപ്പെട്ടിട്ടുള്ള പാദങ്ങൾ കൊണ്ട്  മണിക്കുറുകൾ ടാർ റോഡിലൂടെ നടക്കേണ്ടി വരുന്നു. ചങ്ങലയിട്ടു കാലുകളെല്ലാം വൃണമാകുന്നു. അനുസരിപ്പിക്കാൻ വേണ്ടി പല ശിക്ഷകളും ഏല്കേണ്ടി വരുന്നു. സർകസ്കാർ  ആനയെ കൊണ്ട് എന്തെല്ലാം….. കഷ്ടം!. കുറെ സമ്പന്നർ ആനയോടുള്ള പ്രേമം കൊണ്ട് ആനയെ ചങ്ങലക്കിട്ടു വളര്ത്തി പ്രൗഡി കാണിക്കുന്നു.  ഇവയെ വേട്ടയാടി കൊമ്പെടുക്കുന്ന ദുഷ്ടന്മാർ വേറെ.

ആന സന്തോഷത്തോടെയാണ്  ഇതെല്ലാം സഹിക്കുന്നത് എന്ന് കരുതാമോ. അല്ല പേടിച്ചിട്ടാണ് ആനയുടെ കണ്ണിലെ വികാരം ശ്രദ്ധിച്ചിട്ടുണ്ടോ? .   ചങ്ങലയീട്ട കാലിലെ വൃണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?  ഇത്രയും വലിയ, ശക്തിയുള്ള ജീവി ശക്തി കുറഞ്ഞ മനുഷ്യന്റെ മുന്പിൽ അനുസരണയോടെ പേടിച്ചു നിൽക്കുന്നത് അത്ഭുതം. വളരെ സങ്കടം തോന്നും.

എനിക്ക് തേക്കടിയിൽ ധാരാളം പ്രാവശ്യം പോകേണ്ടി വന്നിട്ടുണ്ട്. കാട്ടിലൂടെ സ്വതന്ത്രമായ് കൂട്ടത്തോടെ മേഞ്ഞു നടക്കുന്ന ആനകളെ കാണുമ്പോൾ എന്ത് സന്തോഷമാണുണ്ടാകുന്നത്. എത്ര കണ്ടാലും മതിയാവാത്ത കാഴ്ച്ചകളാണത്.
ഇന്ന് നമുക്ക് യുദ്ധം ചെയ്യാൻ ആനയെ ആവശ്യം ഇല്ല. ഭാരിച്ച ജോലികൾക്ക് എന്തെല്ലാം തരത്തിലുള്ള machine കളാണുലള്ളത്.. ആഘോഷങ്ങൾക്ക്‌ പകുട്ടു കൂട്ടാൻ വേറെ എന്തെല്ലാം ഉണ്ട്. ആനയെ സ്നേഹിക്കുന്നവര്ക്കും കാണേണ്ടവർകും അവയുടെ ആവാസ സ്ഥലങ്ങളിൽ  പോയി കാണാൻ സൌകര്യമുണ്ട്. ഈ പാവം ജീവികളെ വെറുതെ വിട്ടുകൂടെ?

ഇപ്പോഴും നല്ല ഇരുട്ട്. മഴക്കാറു കാരണം വെളിച്ചം വീഴുന്നില്ല. എന്റെ മനസ്സിലും കാർമേഘം.
(Photos from Google)
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ