2014, നവംബർ 30, ഞായറാഴ്‌ച

മേൽകൂര



പ്രഭാത സവാരി ---- മേൽകൂര
---------------------------------------
നടക്കാൻ ഇറങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. റോഡിലെല്ലാം ചെളി വെള്ളം. രാത്രിയിൽ മഴയുണ്ടായിരുന്നു. വൃശ്ചിക മാസം ആയിട്ടും മഴ തീർത്ത് മാറിയിട്ടില്ല. ഇപ്പോൾ രാവിലെ മഞ്ഞു പെയ്യേണ്ട സമയമാണ്. പണ്ട് തമ്മിൽ കാണാൻ പറ്റാത്തതു പോലെ മഞ്ഞു ആയിരുന്നു. രാവിലെ കരിയില കൂട്ടിയിട്ടു തീ കത്തിച്ചു അതിന്റെ ചുറ്റും കൂടിയിരുന്നു മുതിർന്നവർ നാട്ടു കാര്യങ്ങൾ പറയുമായിരുന്നു. കുട്ടികൾ അതിനു ചുറ്റും കളികളും ബഹളവുമായിരിക്കും. കരിയില കത്തിച്ചു കിട്ടുന്ന ചാരം കൃഷി ആവശ്യത്തിനു വേണ്ടിയാണ്. അന്നെല്ലാം വീട്ടുകാരും അയൽക്കാരും എല്ലാം ഒത്തു കൂടാനും പരസ്പരം അറിയാനും എല്ലാം ഇതുപോലെ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. പരമ്പരാഗത കാർഷിക സംസ്കാരത്തിൻ നിന്നുള്ള വ്യതിചലനവും, TV ചാനലുകളുമാണ്‌ ഈ അവസരങ്ങളെല്ലാം ഇല്ലതാക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.
 
പോകുന്ന വഴിയിൽ ഒരു പഴയ വീടുണ്ട്. കാട് കയറി കിടക്കുകയാണ്. ആൾ താമസമില്ല. ഓടു മേഞ്ഞ വലിയ വീടാണ്. ഇപ്പോൾ ഓടു മേഞ്ഞ പുരകൾ കാണാനേ ഇല്ല. മിക്കവാറും എല്ലാം concrete കെട്ടിടങ്ങളാണ്. ഞാൻ എന്റെ ചെറുപ്പത്തിലെ വീടുകളെ കുറിച്ച് ഓർത്തു.

അന്ന് ഓല മേഞ്ഞ വീടുകളായിരുന്നു ഇവിടെ മിക്കവാറും എല്ലാം തന്നെ. കർഷകരായിരുന്ന സാധാരണക്കാർക്ക് വീട് എന്നാൽ അന്തി ഉറങ്ങാൻ ഒരു കൂര. ഭിത്തി മണ്കട്ട കൊണ്ടോ വെട്ടുകല്ല് കൊണ്ടോ ആയിരിക്കും. തറ മണ്ണിട്ട്‌ നിലംതല്ലി വച്ചു അടിച്ചു ഉറപ്പിച്ചിട്ടു ചാണകം മെഴുകും. മേയാൻ ഓലയാണ്. ആണ്ടു തോറും ഓല മാറ്റണം. അന്നൊക്കെ തെങ്ങ് ധാരാളം. ഓല കീറികെട്ടി തോട്ടിൽ അഴുക്കാൻ ഇടും. കുറച്ചു നാൾ കഴിഞ്ഞു എടുത്തു അഴിക്കുമ്പോൾ ചിലപ്പോൾ അതിനുള്ളിൽ നിന്നും മീനിനെ കിട്ടും. ഓല ഉണങ്ങും മുൻപേ മെടയും. എന്നിട്ട് ഉണക്കി അടുക്കി കെട്ടി വയ്ക്കും. ഇതെല്ലാം ആണ്ടു മുഴുവൻ ഉള്ള പ്രവർതികളിൽ പെടും. മഴക്കാലം തുടങ്ങും മുൻപ് ഓരോ വീടിന്റെയും ഓലകെട്ടാൻ തീയതി തീരുമാനിക്കും. അയൽക്കാരും വീട്ടുകാരും എല്ലാം ചേർന്നാണ് ഓലകെട്ടു. അതിനു കൂലി ഒന്നും കൊടുക്കണ്ട. ഭക്ഷണം മാത്രം. അന്യോന്യം ഉള്ള സഹകരണം. ഒരു ഉത്സവം പോലെ ഉള്ള പ്രതീതിയാണ്. കുറച്ചു പേർ പുരപുരത്തിരുന്നു ഓല കെട്ടും. താഴെ നിൽകുന്നവർ എറിഞ്ഞു കൊടുക്കും. പച്ച ഓലക്കാൽ കൊണ്ടാണ് കെട്ടുന്നത് ഞങ്ങൾ കുട്ടികൾക്ക് അത് വലിയ ആഘോഷമാണ്. സ്കൂളിൽ പോകണ്ടാ. ആരും നിയന്ത്രിക്കാൻ വരില്ല. ഉച്ചക്ക് സദ്യ…………………. പിന്നീട് ഓടിട്ട വീടുകൾ ആയപ്പോൾ ഓല മേയുന്ന പണി ഇല്ലാതായി. ബലമുള്ള വീടുകളായി. കോണ്ക്രീറ്റ് വാർത്ത വീടുകളായി. എല്ലാം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

മുൻപ് എന്റെ കൂടെ കർണാടകയിൽ (അന്ന് മൈസൂർ) ജോലി ചെയ്തിരുന്ന തഞ്ചാവൂർ കാരൻ ഒരു കൃഷ്ണമൂർത്തി പറഞ്ഞത് ഓർക്കുന്നു. തഞ്ചാവൂരിനടുത്തുള്ള ഒരുഗ്രാമത്തിലാണയാളുടെ വീട്. അവിടെ കൃഷി സ്ഥലങ്ങൾ കുറെ ദൂരെ ആയിരിക്കും. ആളുകളെല്ലാം ഒരുമിച്ചു അടുത്തടുത്തായിട്ടാണ് താമസിക്കുന്നത്. വീടുകൾക്കൊന്നും വാതിലിനു പൂട്ട്‌ ഉണ്ടാവില്ലത്രേ. രാവിലെ എല്ലാവരും കൃഷി സ്ഥലങ്ങളിലേക്ക് പോകും. കതകു ചാരി ഇടുകയെ ഉള്ളു. അവിടെ കള്ളന്മാരോ മോഷണമോ ഇല്ലത്രെ. എന്തായാലും ഇത് അന്നും ഇന്നും ഞാൻ വിശ്വസിച്ചിട്ടില്ല.
 
ഇന്ന് വീടെന്നാൽ സാധാരണക്കാർ പോലും വലിയ ആഡംബര സൌകര്യങ്ങളും സുരക്ഷിതത്തിനുള്ള ഉപകരണങ്ങളും ഒരുക്കിയാണ് നിര്മ്മിക്കുന്നത്. മനുഷ്യന്റെ ജീവിത നിലവാരവും വളരെ ഉയർന്നിരിക്കുന്നു.
 
ജനിച്ചു വളർന്ന വീട് ആർക്കും ഗൃഹാതുരത്ത്വം ഉണ്ടാക്കും. ആ ഓർമ്മകൾ ജീവിതകാലം മുഴുവൻ നിലനില്ക്കുന്നതാണ്.

उत्तर दक्षिण पूरब पश्चिम
देख लिया हमने जग सारा ।
अपना घर हे सब से प्यारा ।।
(തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ്
ലോകം മുഴുവൻ
ഞാൻ സഞ്ചരിച്ചു കണ്ടു.
എന്റെ വീടാണ് എനിക്ക്
എല്ലാത്തിലും പ്രിയമായത്)

(കടപ്പാട് Photo Google )



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ