2014, ഡിസംബർ 9, ചൊവ്വാഴ്ച

സംഭവാമി യുഗേ യുഗേ



പ്രഭാത സവാരി ----- സംഭവാമി യുഗേ യുഗേ
--------------------------------------------------------------------------
രാവിലെ എഴുനേക്കാൻ ഭയങ്കര മടി. പുതച്ചുമൂടി കിടക്കാൻ സുഖം. ചെറിയ മഞ്ഞുണ്ട്. നടക്കാൻ ഇറങ്ങിയപ്പോഴാണ് ഓർത്തത്‌ ഇത് ഡിസംബർ ആയിരിക്കുന്നു. മഞ്ഞു കാലമായി.
രാത്രിയിലും നല്ല ട്രാഫിക്. ശബരിമല വണ്ടികളാണ്. കേരളത്തിലെ റോഡിന്റെ സ്ഥിതി വകവയ്ക്കാതെ ഉള്ള വിടീലാണ്. അപ്പോഴാണ്‌ എതിരെ ഒരു സുഹൃത്ത് വരുന്നത് കണ്ടത്. വളരെ നാളായിട്ടു കാണുകയാണ്. അയാൾക്ക്‌ ഹാര്ട്ട് ചികിത്സ കഴിഞ്ഞു വിശ്രമം ആയിരുന്നു. കേരളം ഇപ്പോൾ രോഗങ്ങളുടെ എല്ലാം തലസ്ഥാനം ആയിരിക്കയാണ്. ഹൃദ്രോഗം, സ്ട്രോക്ക്, ക്യാൻസർ, പലതരം വൈറൽ പനികൾ, പ്രെഷർ, കൊളസ്ട്രോൾ എന്ന് വേണ്ട സകല വയ്യാവേലികളും വാതുക്കൽ വന്നു നില്ക്കുകയാണ്. ചികിത്സിക്കാൻ പാക്കേജുകളുമായി മൾട്ടി specialty ആശുപത്രികൾ റെഡി.
ഒരു പള്ളിയുടെ മുൻപിൽ വലിയ ഒരു ക്രിസ്തുമസ് സ്റ്റാർ കത്തിച്ചു തൂക്കിയിട്ടിരിക്കുന്നു. ക്രിസ്തുമസ് അടുക്കാറായി. ഓരോ വർഷം കഴിയുമ്പോഴും പുതിയ തരം സ്റ്റാറുകളാണ് വിപണിയിൽ. LED ലൈറ്റുകലളുള്ള ഡിസൈൻ ആണ് ഇപ്പോൾ കൂടുതൽ കാണുന്നത്. ഇനി ഗ്രീറ്റിങ്ങ് കാർഡു കളുടെ സമയമായി. പോസ്റ്റ്‌ വഴി അയക്കുന്ന ഗ്രീറ്റിങ്ങ് കാർഡുകളുടെ വിപണി ഇപ്പോഴും കുറഞ്ഞിട്ടില്ല. ഓണ്‍ലൈൻ ഗ്രീറ്റിങ്ങുകളാണ് കൂടുതൽ. അഴിമതിയും, അനാചാരങ്ങളും, കഷ്ടപ്പാടുകളും, ലോകത്തെല്ലാം നിയന്ത്രണാതീതമായപ്പോൾ ഭൂമിയിൽ രക്ഷകനായി പിറന്ന ദൈവപുത്രന്റെ തിരുപിറവി ദിനം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസ് എത്തുന്നു. എല്ലാവര്ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് നേരുന്നു.
എല്ലാ മതങ്ങളിലും ഇത് പോലെ ദൈവം രക്ഷകനായി അവതരിക്കുന്നതായി പറയുന്നുണ്ട്. എപ്പോഴെല്ലാം ധർമ്മത്തിന് തളർച്ചയും അധർമ്മത്തിനു ഉയർച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരെ സംഹരിക്കാനും എല്ലാ ദുഷ്ടതയും ഇല്ലാതാക്കി ധർമ്മം പുനഃസ്ഥാപിക്കാനായി ഭഗവാൻ ഓരോ യുഗങ്ങളിലും അവതരിക്കുമെന്നു ഭഗവത് ഗീതയിൽ പറയുന്നു.
യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ
ഇപ്പോഴത്തെ പോലെ മൂല്യച്യുതി ഒരിക്കലും ലോകത്തുണ്ടായിട്ടില്ല. ധർമ്മം പുനസ്ഥാപിക്കാൻ ആരെങ്കിലും അവതരിക്കുമെന്നു ആശിക്കാം.
……….. അതോ ദൈവവും നമ്മെ കൈയോഴിഞ്ഞോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ