2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നട നട കാളെ

നട നട കാളെ
==============
മഴക്കാലത്തു റോഡിലിറങ്ങി നടപ്പ് വലിയ പ്രയാസമാണ്. എപ്പോഴാ മഴ ഇരച്ചു വരുന്നതെന്നറിയില്ല. രാവിലെ മഴ നനഞ്ഞാൽ നല്ല തണുപ്പായിരിക്കും. ചെറുപ്പത്തിൽ മഴ നനയാൻ വലിയ ഇഷ്ടമായിരുന്നു. മഴക്കാലമായാൽ കുളിയെല്ലാം മഴയത്തുതന്നെ. റോഡിലെല്ലാം വെള്ളം കെട്ടി കിടക്കുന്നു. . മഴക്കാലത്ത് ചെളിവെള്ളത്തിൽ ചവുട്ടിയാൽ എലിപ്പനി വരാൻ സാദ്ധ്യതയുണ്ടെന്ന് പറയുന്നു. മനുഷ്യൻ പുതിയ ചികിത്സകൾ കണ്ടു പിടിക്കുന്നതിനനുസരിച്ചു പുതിയ രോഗങ്ങളും വരുന്നുണ്ട്.
പെട്ടെന്നാണ് ഒരു ടിപ്പർ ലോറി ദേഹത്തെല്ലാം ചെളി വെള്ളം തെറിപ്പിച്ചു കൊണ്ട് പാഞ്ഞു പോയത്. കൊടിയേറ്റം സിനിമയിൽ ഗോപി പറയുന്ന പോലെ " എന്തോരു സ്വീഡ് ". ചെളി തട്ടി കളഞ്ഞു കൊണ്ട് നടന്നു. ഇപ്പോൾ റോഡിൽ ഏതെല്ലാം തരത്തിൽ എന്തുമാത്രം വാഹനങ്ങൾ. പഴയ കാലം ഓർമ്മ വന്നു. ഈയിടെയായി എന്ത് കാണുമ്പോഴും പഴയ കാര്യങ്ങൾ മനസ്സിൽ കടന്നു വരുന്നു. വയസ്സനായത് കൊണ്ടായിരിക്കും. 

എന്റെ ചെറുപ്പത്തിൽ തന്നെ ഇവിടെ റോഡുണ്ടായിരുന്നു. കുണ്ടും കുഴിയും കല്ലും കട്ടയും എല്ലാമുള്ള ടാറിടാത്ത റോഡ്. കൂടുതലും കാള വണ്ടിയായിരുന്നു വാഹനങ്ങൾ. രണ്ടു കാളകളെ കെട്ടിയ വണ്ടികളും ഒറ്റ കാള വണ്ടികളും. ചിലതിനു മുകളിൽ തുറന്നു കിടക്കും. വൃത്തിയായി പനമ്പ് കൊണ്ട് കെട്ടിയടച്ച വണ്ടികളും ഉണ്ടായിരുന്നു. ചുരുക്കമായി ചില വില്ലു വണ്ടികൾ ഉണ്ടാകും. കുലുക്കം കുറയ്ക്കാനായി അടിയിൽ ബസ്സിനും മറ്റുമുള്ള പോലെ പ്ലേറ്റ് വച്ച സ്പ്രിംഗ് കാണും. സ്വകാര്യ യാത്രക്ക് മേലാളന്മാർ ഉപയോഗിക്കുന്നതാണ്. രാത്രിയിൽ ഭാരം കയറ്റിയ കാളവണ്ടികൾ ടക് ടക് ശബ്ദം ഉണ്ടാകി കൊണ്ട് പോകും. കാളയുടെ കുടമണി ഒച്ചയുമുണ്ടാകും. വണ്ടി ഓടിക്കുന്നവർ തമ്മിൽ ഉച്ചത്തിൽ സംസാരിക്കുകയോ നാടൻ പാട്ടുകൾ പാടുകയോ ചെയ്യും.
സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ഏതെങ്കിലും കാള വണ്ടിയുടെ പുറകിൽ പിടിച്ചു കൊണ്ട് നടക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. വണ്ടിക്കാരൻ ഇടക്കിടക്ക് ഭീഷണി പ്പെടുതികൊണ്ടിരിക്കും. വണ്ടി ക്കാളകൾ പോകുന്ന പോക്കിൽ തന്നെ ചാണകം ഇടുകയും മൂത്രം ഒഴിക്കുകയും ചെയ്യും. വളഞ്ഞു പുളഞ്ഞു പോകുന്ന വര കുറച്ചു നേരത്തേക്ക് റോഡിൽ തെളിഞ്ഞു കിടക്കും.. കാള മൂത്രം പോലെ എന്ന ഒരു പഴം ചൊല്ലും ഉണ്ട്. സ്കൂളിൽ പോകുന്ന വഴി ചാണകം ചവുട്ടിയാൽ അടി ഉറപ്പാണ്. അതിനുള്ള പരിഹാരം പാഞ്ചി യുടെ ഇലകൾ കൂട്ടി കെട്ടി വയ്ക്കുന്നതാണ്.

സ്കൂളിലെ ചില സാറന്മാർക്ക് സൈക്കിൾ ഉണ്ടായിരുന്നു. ഞങ്ങൾ നടന്നു പോകുന്നതിന്റെ ഇടയ്ക്കു കൂടി മണി അടിച്ചു കൊണ്ട് പോകും. മോട്ടോർ സൈക്കിൾ വലിയ അത്ഭുതമായിരുന്നു. ഗുട്ട് ഗുട്ട്എന്ന് ശബ്ദം ഉണ്ടാക്കി കൊണ്ട് വല്ലപ്പോഴും പോകുന്നത് നോക്കി നി ൽക്കാരുണ്ട്…… (ദില്ലിയിൽ ബൈക്കിൽ ഫിറ്റ് ചെയ്തിട്ടുള്ള റിക്ഷാ കണ്ടിട്ടുണ്ട്. അതിൽ നാലഞ്ചു പേരെ ഇരുത്തിക്കൊണ്ട് പോകും.അവിടെ അതിനെ "ഫട്ട് ഫട്ട്" എന്നാണു വിളിക്കുന്നത്. സൈക്കിളിൽ ഉറപ്പിച്ച റിക്ഷ വടക്കേ ഇന്ത്യ യിൽ എല്ലായിടത്തും കണ്ടിട്ടുണ്ട്)..

അന്ന് PNN സ്വരാജ്, ചന്ദ്രിക തുടങ്ങി കുറച്ചു ബസ് സർവീസ് ഉണ്ടായിരുന്നു. ചെറിയ വണ്ടികൾ. നീളമുള്ള മൂക്ക്. സൈഡിലെങ്ങും ബോഡി ഉണ്ടാകില്ല. പൈപ് കൊണ്ടുള്ള ഫ്രെയിം മാത്രം . വണ്ടിക്കകത്തിരിക്കുന്നവരെ മൊത്തത്തിൽ കാണാം. പെട്രോൾ വണ്ടികളാണ്. ബസ്സിലെ കിളി ഒരു വളഞ്ഞ കമ്പിയിട്ട് കറക്കി ആണ് എഞ്ചിൻ സ്റ്റാർട്ട് ചെയ്തിരുന്നത്. ഇടക്കങ്ങിനെ പൊടി പറത്തിക്കൊണ്ടു പോകുന്നത് ഒരു കാഴ്ചയായിരുന്നു. മഴക്കാലമായാൽ മുകളിൽ നിന്നും താഴെ വരെ ടാ ർപ്പായ താഴ്ത്തിയിടും. വണ്ടി പോകുമ്പോൾ അത് രണ്ടു വശത്തേക്കും പറക്കുന്നത് കാണുമ്പോൾ പരുന്തു പറക്കും പോലെ തോന്നും. 

ഒരു ലോ ഫ്ലോർ ബസ്സ് വരുന്ന ശബ്ദം കേട്ടപ്പോൾ ഓർമ്മകളിൽ നിന്നും ഉണ ർന്നു.. വെള്ളം തെറിക്കാതിരിക്കാൻ ഞാൻ ഒഴിഞ്ഞു മാറി നിന്നു.

നട നട കാളെ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട (ONV)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ