2014, ഡിസംബർ 9, ചൊവ്വാഴ്ച

കർമ്മ ഫലം



പ്രഭാത സവാരി --- കർമ്മ ഫലം
-----------------------------------------------------------------
ദിവസവുമുള്ള ഈ നടപ്പു ബോറായിരിക്കുന്നു. പുതിയ കാഴ്ചകളൊന്നും ഇല്ല. നല്ല തണുപ്പ്. ഒരു ടെമ്പോ വാൻ മുട്ടി മുട്ടിയില്ല എന്ന വണ്ണം അടുത്ത് കൂടി  കടന്നു പോയി. കൊടിയേറ്റം സിനിമയിൽ ഗോപിയുടെ ഡയലോഗ് ഓർമ്മ വന്നു. "എന്തോരു സ്വീഡ്".
 
പട്ടികുഞ്ഞുങ്ങളുടെ കരച്ചിൽ. വൈറ്റിംഗ് ഷെഡിൽ ഒരു തള്ളപ്പട്ടിയും കുറച്ചു കുഞ്ഞുങ്ങളും കളിക്കുന്നു. എന്തൊരു സ്നേഹ പ്രകടനം. കുഞ്ഞുങ്ങളുടെ  തണുപ്പ് മാറ്റാൻ തള്ള കെട്ടി പിടിച്ചു കിടത്തുകയാണ്. ഈ കുഞ്ഞുങ്ങളെ പ്രസവിച്ചു പാൽ  കൊടുത്തു കഷ്ടപെട്ടു സംരക്ഷിച്ചു വളർത്തുന്നത് എന്തു പ്രതിഫലം ആഗ്രഹിച്ചാണ്. പ്രകൃതി അവയ്ക്ക് കൊടുത്തിരിക്കുന്ന ഒരു പ്രേരണയാണത്‌. ഇതു പോലെ തന്നെ കോഴി തന്റെ  കുഞ്ഞുങ്ങളെ എത്ര ശ്രദ്ധയോടെ വളർത്തി വലുതാക്കി വിടുന്നു. അതു കുഞ്ഞുങ്ങളിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രകൃതിയിലെല്ലാം ശ്രദ്ധിച്ചാൽ ഇങ്ങിനെയുള്ള ഉൾപ്രേരണ ( instinct ) കാണാം.

മനുഷ്യർ പക്ഷെ എന്ത് ചെയ്യുമ്പോഴും അതിന്റെ പ്രതിഫലത്തെ പറ്റിയും ചിന്തിക്കും. വിവാഹം കഴിക്കുമ്പോൾ, കുഞ്ഞുണ്ടാകുമ്പോൾ, ജോലിചെയ്യുമ്പോൾ, എന്തിനു കുഞ്ഞുങ്ങളെ വളർത്തുമ്പോൾ പോലും  എപ്പോഴും അതിൽ നിന്നുള്ള ലാഭത്തെ പറ്റിയുള്ള കണക്കു കൂട്ടൽ ഉണ്ട്. ചിലർ മക്കളെ കുറ്റപ്പെടുത്തുന്നത് കേൾക്കാം. നിന്നെ ജനിപ്പിച്ച സമയത്ത്‌ ഒരു തെങ്ങ് വച്ചിരുന്നെങ്കിൽ എനിക്ക് വല്ല ഗുണോം ഉണ്ടായെനേം. എനിക്ക് വയ്യാതാകുംപോൾ ഒരു താങ്ങാകുമെന്നു വിചാരിച്ചാണ് നിന്നെയൊക്കെ വളർത്തിയത്‌. എന്നൊക്കെ. മനുഷ്യർക്ക്‌ ബുദ്ധിയും, വിവേകവും, വിദ്യാഭ്യാസവും എല്ലാം ഉണ്ടായപ്പോൾ എല്ലാ പ്രവൃത്തികൾക്കും ലാഭേശ്ച ഉണ്ടായി.  തീർച്ചയായും നാം ഈ പ്രവൃത്തികളിലും അതിന്റെ സുഖ ദുഖങ്ങളിലും എല്ലാം സന്തോഷം അനുഭവിക്കുന്നുണ്ട്.

പ്രതിഫലത്തെ പറ്റി ചിന്തിച്ചു കൊണ്ട് പ്രവർത്തിക്കുമ്പോൾ തീർച്ചയായും ആ പ്രവൃത്തി നന്മയില്ലത്തതാകും, സന്തോഷവും സുഖവും ഇല്ലാത്തതാകും. കിട്ടാൻ പോകുന്ന fees ന്റെ തുകയെ പറ്റി ചിന്തിച്ചു കൊണ്ട് operation നടത്തുന്ന doctor, ശമ്പളം കൂട്ടി കിട്ടുന്നതിനെ പറ്റി ആലോചിച്ചു കൊണ്ടു പഠിപ്പിക്കുന്ന അദ്ധ്യാപകൻ, കിട്ടാൻ പോകുന്ന ശാരീരിക സൗഖ്യത്തെ പറ്റി ചിന്തിച്ചു കൊണ്ട് വ്യായാമം ചെയ്യുന്നവർ. ഇതൊക്കെ സന്തോഷം തരാത്ത പ്രവൃത്തികളാണ്. നാം ചെയ്യുന്ന ജോലിയിലാണ് സന്തോഷം കാണേണ്ടത്.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ. അവര്ക്ക് എല്ലാം കളികളാണ്. അവർ അതെല്ലാം ആസ്വദിക്കുന്നു. പക്ഷെ ഈ കളികളെല്ലാം അവരുടെ പഠനത്തിന്റെയും മാനസിക വളര്ച്ചയുടെയും ഭാഗമാണ്. അവർ പക്ഷെ അതിനെ പറ്റി ചിന്തിക്കുന്നില്ല.

കർമ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമ്മഫല ഹേതുർഭൂർ -
മാ തേ സന്ഗോസ്ത്വ കർമ്മണി     ----    (ഭഗവത് ഗീത)

പ്രവൃത്തിയിൽ മാത്രമേ നിനക്ക് അധികാരമുള്ളൂ. അതിന്റെ ഫലത്തിന്മേൽ ഒരിക്കലും അധികാരം ഇല്ല. നീ ഫലം ഉദ്ദേശിച്ചു പ്രവർത്തിക്കുന്നവൻ ആകരുത്. പ്രവൃത്തി ചെയ്യാതിരിക്കുകയും അരുത്.--- കർമ്മത്തെ പറ്റി ഇതിലും സത്യസന്ധമായ ഒരു പഠനവും  നിർവചനവും  ഉണ്ടാവില്ല. 

കർമ്മത്തെ കുറിച്ച് ഭഗവത് ഗീതയിൽ വളരെ അധികം വിശദീകരിക്കുന്നുണ്ട്. മനസ്സിനാൽ നിയന്ത്രിതമായ കർമ്മം ആണ് ചെയ്യേണ്ടത്. മനസ്സർപ്പിക്കാതെ  ചെയ്യുന്നതൊന്നും ശരിയായ കർമ്മമാവില്ല.   കർമ്മം ചെയ്യതെയിരുന്നാൽ ശരീര പാലനം പോലും അസാധ്യമാകും. ജനിക്കുമ്പോൾ മുതൽ മരണം വരെയുള്ള കർമ്മങ്ങളാണ് ജീവിതം തന്നെ.  കൂടാതെ ധാരാളം കാര്യങ്ങൾ.

ഈ മഹത് ഗ്രന്ഥത്തെ രാഷ്ട്രീയമാക്കരുതേ എന്ന് ആഗ്രഹം… . ഇത് നഷ്ടപ്പെടാൻ വയ്യ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ