2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

പാത്രങ്ങൾ



പാത്രങ്ങൾ
============
രാവിലെ നടക്കാനിറങ്ങിയതാണ്. മഴക്കാലം ഇതുവരെ എത്തിയിട്ടില്ല. വേനൽ മഴ നന്നായിരുന്നത് കൊണ്ട് രാവിലെ ചൂട് കുറവുണ്ട്. കാലവര്ഷത്തിന്റെ പ്രവചനങ്ങൾ എല്ലാം തെറ്റിച്ചു കൊണ്ട് കാലവര്ഷം. പണ്ട് കൃഷിക്കാർ ആകാശത്ത്  നോക്കിയും മറ്റു ജീവികളുടെ പെരുമാറ്റം കണ്ടും എല്ലാം കാലവര്ഷം കൃത്യമായി പ്രവചിച്ചിരുന്നു. ഉറുമ്പുകൾ ഈയാമ്പാറ്റകൾ തവളകൾ എല്ലാം മഴ വരുന്നതിനു സൂചനകൾ തന്നിരുന്നു. ഇപ്പോൾ കാലാവസ്ഥ വകുപ്പും ഉപഗ്രഹങ്ങളും ശാസ്ത്ര വിദ്യകളും ഒക്കെയുണ്ടായിട്ടും പ്രവചനങ്ങൾ തെറ്റുന്നു.

എന്തോ കാലിൽ  തട്ടി. ഒരു പ്ലാസ്റ്റിൽ കൂട്. എന്തൊക്കെയോ വെയിസ്റ്റ് കെട്ടി റോഡു വക്കിൽ ഇട്ടിരിക്കുകയാണ്. നാറ്റവുമുണ്ട്. മിക്കവാറും കോഴിക്കടയിലെ  വെയിസ്റ്റ് ആണെന്ന് തോന്നുന്നു. ചപ്പു ചവറുകളെല്ലാം പ്ലാസ്റ്റിക് കവറുകളിൽ കെട്ടി രാത്രി കാലങ്ങളിൽ റോഡു സൈഡിലും പറമ്പിലും എല്ലാം എറിഞ്ഞിട്ടു പോകുകയാണ്. വലിയ സാമുഹ്യ ദ്രോഹമാണ്  ചെയ്യുന്നത്അവനവന്റെ വീട്ടിലും വ്യാപാര സ്ഥാപനത്തിലും എല്ലാം ഉണ്ടാകുന്ന മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കാൻ എല്ലാവരും തയ്യാറാകണം. അതിനു വേണ്ട സഹായവും ശാസ്ത്രവും എല്ലാം നൽകാനുള്ള സംവിധാനവും ഉണ്ടാകണം. അത് പോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ പ്രശ്നമായിക്കൊണ്ടിരിക്കുന്നു. എവിടെയും കുപ്പികളും കവറുകളും. പ്ലാസ്റ്റിക്കുകൾ ഇല്ലാതിരുന്ന എന്റെ ചെറുപ്പ കാലം ഓർത്തു  പോയി.

അന്ന്  എല്ലാവരും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടവരായിരുന്നു. പ്രധാനമായി നെൽകൃഷി. കാര്ഷിക ഉൽപന്നങ്ങൾ കൈകാര്യം ചെയ്യാനും ശേഖരിച്ചു വയ്ക്കാനും എല്ലാം പല തരം  പാത്രങ്ങളും ഉപകരണങ്ങളും ആവശ്യമായിരുന്നു. ഇതിനെല്ലാം ആവശ്യമായ അസംസ്കൃത സാധനങ്ങൾ  അന്ന് പ്രകൃതിയിൽ  നിന്നും ലഭിച്ചിരുന്നു. പ്രകൃതിക്ക് ഒരു ആഘാതവും മലിനീകരണവും ഉണ്ടാക്കാത്ത വസ്തുക്കൾ

·         പനമ്പ്  :-നെല്ലും, മറ്റു ധാന്യങ്ങളും, പയര് വര്ഗങ്ങളും എല്ലാം ഉണക്കാൻ പനമ്പ് ഉണ്ടായിരുന്നു. ആവശ്യമുള്ളപ്പോൾ നിവര്ത്തി ഇടും  ഉപയോഗം കഴിഞ്ഞു ചുരുട്ടി വയ്ക്കാം. ഈറയുടെ പൊളി മെടഞ്ഞിട്ടാണ് ഉണ്ടാക്കുന്നത്‌. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കേടാകും.

·         തഴപാ :- ഒരു തരം കൈതയുടെ ഓല (തഴ) ചീകി വെള്ളത്തിലിട്ടു സീസണ് ചെയ്തെടുക്കുന്നു. അത് മെടഞ്ഞാണ്  ഇതുണ്ടാക്കുന്നത്. കിടക്കാനും സാധങ്ങൾ ഉണക്കാനും ഉപയോഗിക്കും. രണ്ടു പായ ചേർത്ത മെത്തപായ കിടക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു. വലിപ്പം കുറച്ചു തടുക്കു ഇരിക്കാൻ വേണ്ടി ഉള്ളതാണ്.


·         കുട്ട :- ഈറ പൊളി കട്ടിയായി ചീകി മെടഞ്ഞാണ്  ഇതുണ്ടാക്കുന്നത്. പിന്നീട് ചാണകം മെഴുകി ബലവത്താക്കും. നെല്ലും മറ്റും കോരി കൊണ്ട് പോകാനാണ് ഇതുപയോഗിചിരുന്നത്.  കരിയിലയും പുല്ലും മറ്റും ശേഖരിക്കാൻ തെങ്ങോല മെടഞ്ഞുണ്ടാക്കുന്ന വല്ലം  കുട്ട ഉണ്ടായിരുന്നു.   കാട്ടു  വള്ളി, ചൂരൽ വള്ളി ഇവ മെടഞ്ഞുണ്ടാക്കുന്നതാണ് വള്ളിക്കുട്ട, ചൂരൽകുട്ട. മണ്ണ് ചുമന്നു മാറ്റാനും കയ്യാല കെട്ടാനും മറ്റുമുള്ള പുറം പണിക്കു  ഉപയോഗിക്കാം.


·         വട്ടി:- ഈറയുടെ ഘനം കുറഞ്ഞ പൊളി കൊണ്ടാണ് ഇതു മെടഞ്ഞെടുക്കുന്നത്. കുറച്ചു മാത്രം കൈകാര്യം ചെയ്യാൻ ഇതുപയോഗിച്ചു.  തഴ മെടഞ്ഞും വട്ടിയുണ്ടാക്കും

·         മുറം :- ധാന്യങ്ങളിലെ മാലിന്യം, പതിര് ഇവ വേർതിരിക്കാൻ വേണ്ടി ഉപയോഗിച്ചു. ഈറപ്പൊളി കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്.


·         ചില കായ്കൾ ഉണക്കി എടുക്കുമ്പോൾ കിട്ടുന്ന പുറം തോട്, ചിരട്ട, കുടുക്ക, തടി പാത്രങ്ങൾ   തുടങ്ങിയവയും കടുക് ജീരകം തുടങ്ങിയ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഉപയോഗിച്ചു. മണ്പാത്രങ്ങൾ, കല്പാത്രങ്ങൾ, കളിമണ്പാത്രങ്ങൾ, ഒട്ടു പാത്രങ്ങൾ ഭരണികൾ ഇവയൊക്കെ അന്നു ഉപയോഗത്തിലുണ്ടായിരുന്നുതേനും എണ്ണയും മറ്റും ശേഖരിച്ചു വയ്ക്കാൻ മുളം കുറ്റിയാണ് ഉപയോഗിച്ചിരുന്നത്.

·         പാള :- കിണറ്റിൽ  നിന്നും വെള്ളം കോരാൻ പാളത്തൊട്ടി, . മഴ നനയാതെ ജോലി ചെയ്യാൻ തൊപ്പി പാളചൂടുപാള ( പാളകൾ ചേർത്തു  തയ്ച്ചു പുറത്തു ചൂടി ക്കൊണ്ട് കുനിഞ്ഞു നിന്നു ഞാറു നടാനും കള പറിക്കാനും മറ്റും ഉപയോഗിച്ചു ).  കുഞ്ഞുങ്ങളുടെ ബാത്ത് ടബ്ബ് ആകാൻ പാള യോളം മറ്റൊന്നിനുമാകില്ല. കുഞ്ഞുങ്ങൾ  കിടന്നുറങ്ങിയിരുന്നതും പാളയിലാണ്. പാള വെട്ടിയുണ്ടാക്കുന്ന വിശറി. തെങ്ങിൽ നിന്നും കള്ള് ശേഖരിക്കാൻ പാള കൊണ്ടുള്ള പാത്രം ഉണ്ടായിരുന്നു. പാള അന്ന് കർഷകരുടെ മിത്രമായിരുന്നു.. കിണറ്റിൽ  നിന്നും പാളത്തോട്ടിയിൽ വെള്ളം കോരി അല്പം കുടിച്ചു നോക്കിയാൽ, വെള്ളത്തിന്റെ യഥാർത്ഥ രുചി എന്താണന്നു നമുക്ക് മനസ്സിലാകും. പാള കൊണ്ട് കരകൌശല വസ്തുക്കൾ, ഡിസ്പോസബിൾ പാത്രങ്ങൾ  ഒക്കെ ഇപ്പോൾ ഉണ്ടാക്കുന്നുണ്ട്. പ്രകൃതിയെ തിരിച്ചറിയുന്നത്‌  നന്ന്


ഒരു പാള ഒടിഞ്ഞു തണുങ്ങോടെ മുമ്പിൽ വീണപ്പോഴാണ് ചിന്തയിൽ  നിന്നുണർന്നത്‌. മഹാ വിഭവങ്ങളൊക്കെ ഇപ്പോഴും പ്രകൃതി നമുക്കു വേണ്ടി കരുതി വച്ചിട്ടുണ്ട്.  അത് കാണാതിരിക്കരുത് ഉപയോഗിക്കാൻ ശ്രമിച്ചു നോക്കാം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ